ഏറ്റവും വലിയ ജില്ല,​ സംസ്ഥാനത്തിന്റെ നെല്ലറ - വിശേഷണങ്ങൾ പലതാണ് പാലക്കാടിന്. കഠിനമാണ് ഇവിടത്തെ ചൂട്. പോരാട്ട ചൂടാകട്ടെ അതികഠിനവും. കൃഷിക്കൊപ്പം രാഷ്ട്രീയവും പാലക്കാടിന് ജീവശ്വാസമാണ്. വാളയാർ ചുരം തഴുകിയെത്തുന്ന പാലക്കാടൻ കാറ്റിനാകട്ടെ പ്രത്യേക രാഷ്ട്രീയ മമതയോ പരിഭവമോയില്ല. അത്തരത്തിൽ അടിപതറിയ നിരവധി ചരിത്രങ്ങൾ ഇടതു - വലതു മുന്നണികൾക്ക് ഇവിടെ പങ്കുവയ്‌ക്കാനുമുണ്ട്. ലോക്‌സഭ - തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ഫലം അതിന് ഉദാഹരണം.

ഇളകില്ലെന്നുറച്ച ഉരുക്കുകോട്ടകളായ പാലക്കാടും ആലത്തൂരും പിടിച്ചെടുത്ത് യു.ഡി.എഫ് ഇടതുമുന്നണിക്ക് ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തപ്പോൾ,​ തദ്ദേശത്തിൽ യു.ഡി.എഫിന് അടിതെറ്റി. ഈ വ്യത്യസ്‌തത തന്നെയാണ് മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടുന്നതും. കേവല ഭൂരിപക്ഷംനേടി ബി.ജെ.പി അധികാരം നിലനിറുത്തിയ സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാടിന്റെ ചരിത്രവും ശ്രദ്ധേയം. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ കണ്ണുവച്ചുള്ള എൻ.ഡി.എയുടെ സാന്നിദ്ധ്യം ഇത്തവണ ഇരുമുന്നണികളുടെയും ഉറക്കം കെടുത്തുന്നുണ്ട്.

12 നിയോജക മണ്ഡലങ്ങളിൽ ഒമ്പതും ഇടതിനൊപ്പം. പാലക്കാടും തൃത്താലയും മണ്ണാർക്കാടും യു.ഡി.എഫിന്റെ കൈയിൽ. സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കാത്ത ഒറ്റപ്പാലം, തരൂർ, ഷൊർണൂർ, മലമ്പുഴ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ്. തൃത്താലയിൽ പോരാട്ടം ഇഞ്ചോടിഞ്ച്. മെട്രോമാൻ ഇ. ശ്രീധരന്റെ വരവോടെ ത്രികോണ മത്സരത്തിന്റെ ആവേശത്തിലാണ് പാലക്കാട്. എൽ.ഡി.എഫിൽ ഒമ്പതിടത്ത് സി.പി.എമ്മും രണ്ടിടത്ത് സി.പി.ഐയും ചിറ്റൂരിൽ ജനതാദൾ എസുമാണ് മത്സരിക്കുന്നത്. മറുപക്ഷത്ത് ഒമ്പത് സീറ്റിൽ കോൺഗ്രസും മുസ്ലിംലീഗ് രണ്ടിടത്തും സി.എം.പി ഒരിടത്തും മത്സരിക്കുന്നു. ലോക്‌സഭാ - തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നില മെച്ചപ്പെടുത്താൻ എൻ.ഡി.എയ്ക്കും കഴിഞ്ഞു. പക്ഷേ എ ക്ലാസ് മണ്ഡലങ്ങളായ പാലക്കാടും മലമ്പുഴയുമാണ് അവരുടെ പ്രതീക്ഷ.

ദേശീയ - സംസ്ഥാന രാഷ്ട്രീയവും വികസനവും തന്നെയാണ് പ്രധാന ചർച്ചാവിഷയം.

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സമീപകാല ചരിത്രം പരിശോധിച്ചാൽ ജില്ലയുടെ രാഷ്ട്രീയ നിലപാട് മാറ്റം വ്യക്തമാവും. 1996, 2006, 2016 തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി വ്യക്തമായ മേൽക്കൈ നേടി. 96ലും 2006ലും പതിനൊന്ന് സീറ്റുകളിൽ ഒമ്പതും എൽ.ഡി.എഫ് നേടിയപ്പോൾ രണ്ടിടത്തേക്ക് യു.ഡി.എഫ് ചുരുങ്ങി. 2001ൽ പതിനൊന്നിൽ അഞ്ചിടത്ത് യു.ഡി.എഫ് വിജയിച്ചു.

 തൃത്താലയിൽ ഇഞ്ചോടിഞ്ച്

കോൺഗ്രസിലെ വി.ടി. ബൽറാമും സി.പി.എമ്മിലെ എം.ബി. രാജേഷും പറയിപെറ്റ പന്തിരുകുലത്തിന്റെ നാട്ടിൽ കൊമ്പുകോർക്കുമ്പോൾ ഫലം പ്രവചനാതീതം. ഇടതുപക്ഷത്തിന്റെ കണ്ണിലെ കരടായ ബൽറാമിനെ തറപറ്റിക്കുകയെന്നത് സി.പി.എമ്മിന്റെ അഭിമാനപ്രശ്നം. ശബരിമല വിഷയത്തിലടക്കം പ്രതികരിച്ച് ശ്രദ്ധേയനായ ശങ്കു ടി. ദാസാണ് എൻ.ഡി.എയുടെ സ്ഥാനാർത്ഥി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 6178 വോട്ടിന്റെ മുൻതൂക്കം എൽ.ഡി.എഫിനുണ്ട്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയിൽ നിന്ന് 2019 ൽ യു.ഡി.എഫിന് 8404 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു.

ബൽറാമിന്റെ എ.കെ.ജിയെക്കുറിച്ചുള്ള വിവാദ പരാമർശം,​ ഇടതുമുന്നണിയുടെ വികസന നേട്ടങ്ങൾ എന്നിവയാണ് എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയവും സർക്കാരുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതിയാരോപണങ്ങളും യു.ഡി.എഫ് ഉന്നയിക്കുന്നു. എം.ബി. രാജേഷ് സ്ഥാനാർത്ഥിയായതോടെ അദ്ദേഹത്തിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും മണ്ഡലത്തിൽ ചൂടേറിയ ചർച്ചയാണ്.

 പാലക്കാട് ത്രികോണ മത്സരം

ഇ. ശ്രീധരൻ എൻ.ഡി.എ സ്ഥാനാർത്ഥിയായതോടെയാണ് പാലക്കാട് ദേശീയതലത്തിൽ ശ്രദ്ധേയമാകുന്നത്. സിറ്റിംഗ് എം.എൽ.എയായ കോൺഗ്രസിലെ ഷാഫി പറമ്പിലിന്റെ ജനകീയതയിലാണ് യു.ഡി.എഫ് പ്രതീക്ഷ. കഴിഞ്ഞതവണ മൂന്നാമതായതിന്റെ ക്ഷീണം മാറ്റാനാണ് സി.പി. പ്രമോദിലൂടെ എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.

പാലക്കാട് നഗരസഭയെ കൂടാതെ കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ചേർന്ന മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണെങ്കിലും യു.ഡി.എഫിന് അല്പം മുൻതൂക്കമുണ്ട്.മെട്രോമാന്റെ വ്യക്തിപ്രഭാവവും നഗരത്തിൽ ബി.ജെ.പിയുടെ വോട്ട് വിഹിതവും എൻ.ഡി.എയുടെ ആത്മവിശ്വാസം കൂട്ടുന്നു. പാലക്കാടിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് ഇ. ശ്രീധരൻ വോട്ടർമാരെ കൈയിലെടുക്കുന്നത്. പത്തുവർഷത്തിൽ താൻ ചെയ്ത വികസന നേട്ടമാണ് ഷാഫി ഉയർത്തിക്കാട്ടുന്നത്.

 മലമ്പുഴയിൽ അടിയൊഴുക്കോ
വി.എസില്ലാത്ത മലമ്പുഴയിൽ ഇത്തവണ കടുത്ത മത്സരമാണ് . ഓരോ തിരഞ്ഞെടുപ്പിലും പടിപടിയായി വോട്ടുവിഹിതം വർദ്ധിപ്പിച്ച ബി.ജെ.പിയാണ് പ്രധാന എതിരാളി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ. പ്രഭാകരനാണ് ഇടതുസ്ഥാനാർത്ഥി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറാണ് എൻ.ഡി.എയ്ക്കായി കളത്തിലിറങ്ങിയത്. ഐ.എൻ.ടി.യു.സി നേതാവ് എസ്.കെ. അനന്തകൃഷ്ണനാണ് യു.ഡി.എഫിനായി മത്സരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണ് മലമ്പുഴയെങ്കിലും ഇത്തവണ അടിയൊഴുക്കുകളുണ്ടാകുമെന്നാണ് സൂചന. എ. പ്രഭാകരനെതിരെ ഉയർന്ന പ്രതിഷേധം അതിന്റെ തെളിവാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പല പഞ്ചായത്തിലും യു.ഡി.എഫ് മൂന്നാമതായി പിന്തള്ളപ്പെട്ടത് അവരുടെ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിക്കുന്നുണ്ട്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്.