
മംഗലംഡാം: മംഗലംഡാം റിസർവോയറിനുള്ളിൽ എവിടെ നോക്കിയാലും വലിയ ലോറികളുടെ സഞ്ചാരവും കിടപ്പുമാണിപ്പോൾ. ചില സമയങ്ങളിൽ നൂറിൽ പരം ടോറസുകൾ മണ്ണ് കയറ്റാൻ ഊഴം കാത്തും മണ്ണുമായി പൊടിപാറിച്ച് പോകുന്നതും കാണാം.
ഡാമാണെന്ന് തോന്നിക്കാത്ത വിധമാണ് വാഹന തിരക്ക്. മഴക്കാലങ്ങളിൽ ഇരുപതും മുപ്പതും അടി ഉയരത്തിൽ വെള്ളം നിറഞ്ഞു കിടക്കുന്ന റിസർവോയറിലാണ് ലോറികൾ തലങ്ങും വിലങ്ങും ഇപ്പോൾ പായുന്നത്. മഴക്കു മുമ്പേ പരമാവധി മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് നടക്കുന്നത്.
തൃശൂരിലെ ഓട്ടുകമ്പനികളിലേക്കാണ് മണ്ണ് കൂടുതലും പോകുന്നത്. 30 ടൺ വരെ മണ്ണ് കയറ്റി പോകുന്ന ലോറികളുമുണ്ട്. ഡാമിലെ ജലനിരപ്പ് കൂടുതൽ താഴ്ന്ന് ഇപ്പോൾ ഷട്ടർ ഭാഗത്ത് മാത്രമേ വെള്ളമുള്ളു. ഇതിനാൽ റിസർവോയറിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നു തന്നെ മണ്ണ് എടുക്കൽ നടക്കുന്നുണ്ട്.
ഏതാനും ആഴ്ചകൾക്കുള്ളിൽ റിസർവോയറിൽ ഏറ്റവും കൂടുതൽ മണൽ ശേഖരമുള്ള രണ്ടാം പുഴ ഭാഗത്തേക്കും പ്രവൃത്തികൾ എത്തും. റിസർവോയറിലേക്കുള്ള പ്രധാന നീരൊഴുക്ക് ഈ ഭാഗത്തു കൂടിയാണ്. വനത്തിൽ നിന്നും കടപ്പാറ തോട് വഴി രണ്ടാം പുഴയിലൂടെയാണ് മലവെള്ളം ഡാമിലെത്തുന്നത്.
ഇതിനാൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടിയുള്ള മണ്ണും മണലും കല്ലും അടിഞ്ഞുകൂടിയിട്ടുള്ളതും ഇവിടെയാകും. മണൽ കുന്നുകൾ വരെ ഇവിടെയുണ്ടാകും. ചൂരുപ്പാറ, ഓടംതോട് ഭാഗത്തും ഇത്തരത്തിലുള്ള വലിയ മണൽ ശേഖരങ്ങളുണ്ട്. പൊൻകണ്ടം റോഡിൽ കുന്നത്ത് ഗേറ്റ് ജംഗ്ഷനടുത്ത് മണ്ണിൽ നിന്നും മണൽ വേർതിരിക്കുന്ന പ്ലാന്റ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കൂടുതൽ പ്ലാന്റുകളുടെ പ്രവർത്തനം ആയിട്ടില്ല. രണ്ട് മീറ്റർ ആഴത്തിലാണ് മണ്ണെടുന്നത്.
സ്ഥലത്തിന്റെ ഘടനയനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായുള്ള ദർത്തി ഡ്രഡ്ജിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് 17.7 കോടി രൂപക്ക് മണ്ണ് നീക്കം ചെയ്യാൻ കരാർ എടുത്തിട്ടുള്ളത്. മൂന്ന് വർഷമാണ് കാലാവധി. 2.95 ദശലക്ഷം ഘനമീറ്റർ മണ്ണാണ് നീക്കം ചെയ്യുക. മണ്ണിൽ 35 ശതമാനവും മണലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മണലിൽ തന്നെ ഏറ്റവും മുന്തിയ ഗോൾഡൻ സാന്റാണ് ഇത്.
1956ൽ ഡാം കമ്മിഷൻ ചെയ്ത ശേഷം ആദ്യമായാണ് മണ്ണുനീക്കം നടക്കുന്നത്. ഇതിനാൽ തന്നെ മണ്ണ് നികന്ന് താഴ്ന്ന പ്രദേശങ്ങളില്ലാതെ അതിവിശാലമായ ഗ്രൗണ്ടുപോലെയാണ് റിസർവോയർ.