
കന്നിയങ്കത്തിൽ തിളങ്ങാൻ അനുരാഗും വിജയകൃഷ്ണനും; രണ്ടാംജയം തേടി ബാബു
കൊല്ലങ്കോട്: പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതി, കടുവാസങ്കേതം ഉൾപ്പെടുന്ന പറമ്പിക്കുളം, വേലകളുടെ നാടായ നെന്മാറ, കുമ്മാട്ടിപ്പെരുമയുടെ വടവന്നൂർ, രഥോത്സവ വീഥിയുമായി കൊടുവായൂർ, രാജ്യത്തിന്റെ മാംഗോ സിറ്റിയായ മുതലമട, ആറാട്ട് മഹോത്സവത്തിന്റെ ആവേശം തുടിക്കുന്ന കൊല്ലങ്കോട്...
നെന്മാറയെന്ന ഗ്രാമീണത്തനിമയേറിയ നിയമസഭാ മണ്ഡലത്തിലെ പെരുമ ഇങ്ങനെ നീളുകയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇതുപോലെ ഉരുത്തിരിഞ്ഞ വ്യത്യസ്തമാർന്ന രാഷ്ട്രീയച്ചേരുവ മണ്ഡലത്തിലെ ഫലം പ്രവചനാതീതമാക്കുന്നു. എൽ.ഡി.എഫിൽ നിന്ന് സി.പി.എമ്മിലെ കെ.ബാബു തുടർച്ചയായ രണ്ടാംജയം ലക്ഷ്യമിട്ടിറങ്ങുമ്പോൾ യു.ഡി.എഫും എൻ.ഡി.എ.യും ഘടക കക്ഷികളെയാണ് അങ്കത്തട്ടിൽ മിന്നൽപ്പിണറുകളായി ഇറക്കിയിരിക്കുന്നത്. യു.ഡി.എഫിൽ നിന്ന് സി.എം.പി.യിലെ സി.എൻ.വിജയകൃഷ്ണനും എൻ.ഡി.എ.യിൽ നിന്ന് ബി.ഡി.ജെ.എസിലെ എ.എൻ.അനുരാഗും ജനവിധി തേടുന്നു. പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ മൂന്നുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കൊഴുപ്പിക്കുകയാണ്.
നേരത്തെ സ്ഥാനാർത്തി പ്രഖ്യാപനം നടത്താനായതിനാൽ എൽ.ഡി.എഫ് പ്രചാരണത്തിൽ ഒരുപടി മുന്നിലാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള പ്രമുഖ നേതാക്കളെ മണ്ഡലത്തിലെത്തിച്ച് പ്രചാരണത്തിൽ തരംഗം സൃഷ്ടിക്കാൻ യു.ഡി.എഫിനും കഴിഞ്ഞു. എൻ.ഡി.എ മികച്ച മത്സരം കാഴ്ചവെക്കുന്ന ജില്ലയിലെ പ്രധാന മണ്ഡലങ്ങളിലൊന്നാണിത്. അതുകൊണ്ടുതന്നെ ചിട്ടയായ പ്രചാരണ പ്രവർത്തനത്തിലൂടെ മുന്നണി ശ്രദ്ധ പിടിച്ചുപറ്റുന്നു.
പറമ്പിക്കുളം വനമേഖലയുടെ പരിധിയിലെ ഇ.എസ്.ഇസെഡ് പ്രഖ്യാപനത്തിലെ കർഷകരുടെ ആശങ്കയാണ് നിലവിൽ മണ്ഡലത്തിലെങ്ങും പ്രചാരണ വിഷയമാക്കുന്നത്. കർഷകർക്കും കർഷക തൊഴിലാളികൾക്കും അനുബന്ധ വ്യാപാര മേഖലയ്ക്കും നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിവാദവും കാർഷിക രംഗത്തെ പ്രശ്നങ്ങളും തന്നെയാകും ഫലം നിർണയിക്കുന്നതിൽ പ്രധാന ഘടകമെന്നുറപ്പാണ്. ഈ വോട്ടുകൾ അനുകൂലമാക്കുക എന്ന ദൗത്യം വിജയിക്കുന്നവർക്ക് നിയമസഭയിലേക്ക് ടിക്കറ്റ് എടുക്കാം.
പ്രളയത്തിൽ ഒലിച്ചുപോയ നെല്ലിയാമ്പതി കുണ്ടറചോല പാലം നിർമ്മാണം, പോത്തുണ്ടി, വടവന്നൂർ കുടിവെള്ള പദ്ധതികൾ, പോത്തുണ്ടി ഉദ്യാന നവീകരണം, മുതലമട കാർഷിക കോളേജ്, കൊല്ലങ്കോട് ഫയർ സ്റ്റേഷൻ തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പാക്കാനായത് നേട്ടമാകും. നിരവധി ഗ്രാമീണ റോഡുകളുടെ നവീകരണം നടത്തിയതും അനുകൂലമായ ഫലം നൽകും.
-കെ.ബാബു.
കന്നിയങ്കമാണ്. ജയിച്ചാൽ മണ്ഡലത്തിൽ നിരവധി തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതികൾ നടപ്പാക്കും. നെന്മാറ വേലയോട് അനുബന്ധിച്ച് ഒരു മാസം നീളുന്ന ദേശീയ എക്സിബിഷൻ കൊണ്ടുവരും. മണ്ഡലത്തിൽ എല്ലാവർക്കും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കും. കാർഷിക മേഖലയ്ക്കും പിന്നാക്കക്കാർക്കും പ്രത്യേക പരിഗണന നൽകും.
-സി.എൻ.വിജയകൃഷ്ണൻ
മുതലമട മാവ് കർഷകർ തുടർച്ചയായി നേരിടുന്ന ദുരിതം അവസാനിപ്പിക്കും. കൊല്ലങ്കോട്ടെ ഗതാഗതക്കുരുക്കിന് പരിഹാരം കാണും. പട്ടണത്തിലെ മരണക്കുഴിയായ ഓടകൾ നവീകരിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനും ജയത്തിനും ഗൈഡൻസ് സെന്റർ സ്ഥാപിക്കും. ചുള്ളിയാർ ഡാമിനോട് ചേർന്ന് ഉദ്യാനം നിർമ്മിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കും.
-എ.എൻ.അനുരാഗ്