accident
കല്ലടിക്കോട് പനയമ്പാടത്ത് അപകടത്തിൽപ്പെട്ട ചരക്കുലോറികൾ.

മൂന്നുപേർക്ക് പരിക്ക്; ഒരാൾക്ക് ഗുരുതരം

പാലക്കാട്: ദേശീയപാതയിൽ മുണ്ടൂരിനും തച്ചമ്പാറയ്ക്കുമിടയിൽ ഇന്നലെ അപകട പരമ്പര. അഞ്ചിടത്തായി അപകടത്തിൽപ്പെട്ടത് പത്തോളം വാഹനങ്ങൾ. മൂന്നുപേർക്ക് പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ നാലിനും പത്തിനും ഇടയിലായിരുന്നു അപകടങ്ങൾ.

പുലർച്ചെ നാലിന് പനയമ്പാടത്ത് ചരക്ക് ലോറികൾ കൂട്ടിയിടിച്ചാണ് ആദ്യ അപകടം. കന്നുകാലികളെ കയറ്റി മണ്ണാർക്കാട് ഭാഗത്തേക്ക് വന്ന ലോറിയും കാർഡ് ബോക്സുകളുമായി പാലക്കാട് ഭാഗത്തേക്കുള്ള ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറികളിലുണ്ടായിരുന്ന മണ്ണാർക്കാട് തത്തേങ്ങേലം സ്വദേശികളായ ഇഖ്ബാൽ (43), നാസർ (44), വടക്കഞ്ചേരി സ്വദേശി ഇസ്മയിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇസ്മയിലിന്റെ പരിക്ക് ഗുരുതരമാണ്. മൂവരും വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ ചികിത്സയിലാണ്. കന്നുകാലി ലോറിയിലുണ്ടായിരുന്ന ഒരു പോത്ത് ചാവുകയും രണ്ടെണ്ണത്തിന് പരിക്കേൽക്കുകയും ചെയ്തു.

അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ സമീപവാസികളും കല്ലടിക്കോട് പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണാർക്കാട് നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. ഇടിയുടെ ആഘാതത്തിൽ ലോറികളുടെ മുൻവശം തകർന്നു. പരിക്കേറ്റവരുമായി പോയ പൊലീസ് ജീപ്പ് ഇടക്കുറുശി മുട്ടിക്കൽകണ്ടം പമ്പിനടുത്ത് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാർക്ക് നിസാര പരക്കേറ്റു.

ലോറി അപകടം നടന്നതിന് സമീപം രാവിലെ ആറരയോടെ രണ്ട് ബൈക്കുകളും ഒരു പിക്കപ്പും മറിഞ്ഞു. ആർക്കും പരിക്കില്ല. അപകടത്തിൽപെട്ട ലോറിയിൽ നിന്ന് റോഡിൽ ഡീസൽ ചോർന്നതാണ് അപകടത്തിനിടയാക്കിയത്. കോങ്ങാട് അഗ്നിശമന സേന സ്ഥലത്തെത്തി റോഡിൽ പരന്ന ഡീസൽ നീക്കം ചെയ്തു.

രാവിലെ ആറിന് കല്ലടിക്കോട് മാപ്പിള ജംഗ്ഷനിൽ സ്വകാര്യ ബസിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചും അപകടമുണ്ടായി. യാത്രക്കാരെ കയറ്റുന്നതിന് ബസ് നിറുത്തിയപ്പോൾ പിറകെ വന്ന ടിപ്പറിടിക്കുകയായിരുന്നു. ആർക്കും കാര്യമായ പരിക്കില്ല. ഒമ്പതരയോടെ വേലിക്കാടിന് സമീപം കാർ മറിഞ്ഞതാണ് മറ്റൊരു സംഭവം.

നവീകരിച്ചതോടെ അപകടം പെരുകി

ദേശീയപാത വീതി കൂട്ടി നവീകരിച്ചതോടെ അപകടങ്ങളും പെരുകുകയാണ്. മിനുസമാർന്ന റോഡിൽ മഴ പെയ്യുന്നതോടെ വേഗത്തിൽ കടന്നുപോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം തെറ്റുന്നതാണ് അപകടങ്ങൾക്ക് ഇടവരുത്തുന്നത്. ഇത്തരത്തിൽ നിരവധി അപകടം നാട്ടുകല്ലിനും കല്ലടിക്കോടിനുമിടയിൽ സംഭവിച്ചിട്ടുണ്ട്. ഇറക്കവും വളവും ചേർന്നത്തെത്തുന്ന പനയമ്പാടത്ത് അപകടം പതിവാണ്. പാതയുടെ വശങ്ങളിൽ വാഹനങ്ങൾ നിറുത്തിയിടാനും പ്രയാസം നേരിടുന്നുണ്ട്. അഴുക്കുചാലിന്റെ പ്രവൃത്തി പൂർത്തിയായിട്ടുമില്ല. നിരന്തരം അപകടങ്ങളുണ്ടാകുന്ന പനയമ്പാടത്ത് അമിത വേഗത നിയന്ത്രിക്കാൻ ഡിവൈഡർ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.