
കൊല്ലങ്കോട്: കൊവിഡ് ബാധിച്ച് ചെന്നൈയിലെ വീട്ടിൽ അവശ നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികൾ മരിച്ചു. നെസാപ്പാക്കത്ത് സ്ഥിരതാമസക്കാരായ കൊല്ലങ്കോട് കാമ്പ്രത്ത് വീട്ടിൽ കെ.രവീന്ദ്രൻ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്.
ഒരാഴ്ചയിലേറെയായി ഇവർ അസുഖ ബാധിതരാണ്. ബന്ധുക്കൾ ഫോണിൽ വിളിക്കുമ്പോൾ കാര്യമായ പ്രശ്നമില്ലെന്നാണ് പറഞ്ഞിരുന്നത്. ദിവസങ്ങളായി പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാർ വ്യാഴാഴ്ച വന്നുനോക്കിയപ്പോൾ വീടിനുളളിൽ അവശ നിലയിലായിരുന്നു. കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ രവീന്ദ്രൻ മരിച്ചു. ചികിത്സയിലിരിക്കേ വെള്ളിയാഴ്ച രാവിലെ വന്ദനയും മരിച്ചു.
ആശുപത്രിയിലെ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കൾ ചെന്നൈയിലെത്തി ഞായറാഴ്ച സംസ്കാരം നടത്തി.
രവീന്ദ്രൻ എസ്.ആർ.എം. ഗ്രൂപ്പ് മുൻ പി.ആർ.ഒയാണ്. വന്ദന നായർ കെ.കെ.നഗർ വാണി വിദ്യാലയത്തിലെ അഡിഷണൽ വൈസ് പ്രിൻസിപ്പലാണ്.മക്കളില്ല.