modi
എ​ൻ.​ഡി.​എ​യുടെ തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണത്തിനായി ജില്ലയിലെത്തുന്ന ​​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​​സു​ര​ക്ഷാ​ ക്രമീക​ര​ണ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ഇന്നലെ നഗരത്തിൽ നടന്ന ട്രയൽ റണ്ണിൽ നിന്ന്

പാലക്കാട്: എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാടെത്തും. പകൽ 11 മണിക്ക് കോട്ടമൈതാനിയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും മലമ്പുഴ മണ്ഡലം സ്ഥാനാർത്ഥിയുമായ ഇ.കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, കർണാടക ചീഫ് വിപ്പ് സുനിൽകുമാർ, പാലക്കാട് സ്ഥാനാർത്ഥി മെട്രോമാൻ ഇ.ശ്രീധരൻ, ജില്ലാ അദ്ധ്യക്ഷൻ ഇ.കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും.

ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാഡിൽ രാവിലെ 10.45ന് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ കെ.അജയൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, സംസ്ഥാന ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തുന്നത്. പാലക്കാട് നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി മെട്രോമാൻ ഇ.ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് പ്രധാനമന്ത്രി എത്തുന്നതെങ്കിലും ജില്ലയിലെ മുഴുവൻ എൻ.ഡി.എ സ്ഥാനാർത്ഥികളും പരിപാടിയുടെ ഭാഗമാകുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ സുൽത്താൻപേട്ട വഴി റോഡ് മാർഗം സമ്മേളന വേദിയായ കോട്ടമൈതാനത്തെത്തും. തുടർന്ന് 11 മണിയോടെ തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പ്രസംഗിക്കുന്ന വിധമാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. വലിയ കോട്ടമൈതാനത്തെ പന്തലിൽ 25,000 ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. പന്തൽ മുഴുവൻ അഗ്നികവചം ചാർത്തിയിട്ടുണ്ട്. സമ്മേളന സ്ഥലത്തേക്ക് പ്രവേശിക്കാനായി ആകെ പത്ത് കവാടങ്ങളാണുള്ളത്. ഇതിൽ ഒമ്പത് കവാടങ്ങളിലൂടെ പൊതുജനങ്ങളെയും മറ്റൊന്നിലൂടെ ക്ഷണിക്കപ്പെട്ട അതിഥികളെയും അകത്തേക്ക് കടത്തിവിടും. വി.വി.ഐ.പികൾക്ക് നഗരസഭയ്ക്ക് നേരെയുള്ള പ്രധാന കവാടത്തിലൂടെയാവും പ്രവേശനം. സമ്മേളനം ആരംഭിക്കുന്നതിന് രണ്ടുമണിക്കൂർ മുമ്പ് തന്നെ പ്രവർത്തകരും പൊതുജനങ്ങളും സദസിലെത്തണമെന്നും ബി.ജെ.പി ജില്ലാനേതൃത്വം അറിയിച്ചു. പരിപാടി വീക്ഷിക്കുന്നതിന് കോട്ടമൈതാനത്തും പന്തലിനുള്ളിലും എൽ.ഇ.ഡി സ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനും പ്രഥമശുശ്രൂഷയ്ക്കും സംവിധാനമൊരുക്കിയിട്ടുണ്ട്. പൊലീസിനു പുറമെ സന്നദ്ധ പ്രവർത്തകരെയും നിർദ്ദേശങ്ങൾ നൽകാനും സേവനത്തിനുമായി വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ജില്ലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തിലേക്കുള്ള പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പകൽ 11.30ഓടെ ട്രയൽ റണ്ണും നടന്നിരുന്നു.