പാലക്കാട്: ആലത്തൂർ താലൂക്കിലെ ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്ദം, മേലാർകോട്, തേങ്കുറിശ്ശി, വണ്ടാഴി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന കാർഷിക മണ്ഡലമാണ് ആലത്തൂർ. 2009ലെ നിയമസഭാ മണ്ഡലങ്ങളുടെ പുനർ നിർണയത്തോടെ പഴയ കുഴൽമന്ദം മണ്ഡലവും ആലത്തൂരും ചേർന്നാണ് പുതിയ ആലത്തൂരായത്. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 164285. ഇതിൽ 82756 പേർ സ്ത്രീകളും 81529 പുരുഷൻമാരുമാണ്.
സിറ്റിംഗ് എം.എൽ.എ കെ.ഡി.പ്രസേനൻ തന്നെയാണ് ഇത്തവണ ഇടതുപക്ഷത്തിന് വേണ്ടി ജനവിധി തേടുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. യുവനേതാവിനെ തന്നെയാണ് എൻ.ഡി.എയും കളത്തിലിറക്കിയിരിക്കുന്നത്, പ്രശാന്ത് ശിവൻ. ഇടതു സർക്കാരിന്റെ വികസനം വോട്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ അഞ്ചുവർഷത്തെ മണ്ഡലത്തിലെ പ്രവർത്തനങ്ങളും ഗുണം ചെയ്യുന്ന് കെ.ഡി.പ്രസേനൻ കരുതുന്നു. എന്നാൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ അട്ടിമറിവിജയമാണ് യു.ഡി.എഫിന്റെ പ്രതീക്ഷകൾ വാനോളമുയർത്തുന്നത്. കൂടാതെ കൈപ്പത്തി ചിഹ്നത്തിലൊരു സ്ഥാനാർത്ഥിയെ കിട്ടയതോടെ പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ സമാഹരിച്ച് വിജയം ഉറപ്പിക്കാമെന്ന് പാളയം പ്രദീപ് കണക്ക് കൂട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ക്രമാനുഗതമായി വോട്ട് ശതമാനം ഉയർത്താൻ എൻ.ഡി.എക്കും കഴിഞ്ഞിട്ടുണ്ട്.
മണ്ഡലത്തിന്റെ ചരിത്രം
എൽ.ഡി.എഫിന്റെ കുത്തകയായ മണ്ഡലത്തിൽ ഒരുതവണ മാത്രമാണ് കോൺഗ്രസ് വിജയിച്ചിട്ടുള്ളത്. 1957 മുതൽ 1987 വരെയുള്ള 30 വർഷം എൽ.ഡി.എഫ് മുന്നണിയാണ് മണ്ഡലത്തെ നയിച്ചത്. 1957 മുതൽ 1970 വരെയുള്ള നാല് തിരഞ്ഞെടുപ്പുകളിൽ സി.പി.ഐയുടെ ആർ.കൃഷ്ണനാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 1977ൽ സി.പി.എമ്മിൽ നിന്ന് ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്റിയായിരുന്ന ഇ.എം.സ് നമ്പൂതിരിപ്പാട് വിജയിച്ചു. 1980ലും 1982ലും സി.പി.എം നേതാവ് സി.ടി.കൃഷ്ണനാണ് നിയമസഭയിലേക്ക് എത്തിയത്. 1987ൽ സി.പി.എം നേതാവ് സി.കെ.രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1991ൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ കോട്ടയായിരുന്ന ആലത്തൂരിനെ എ.വി.ഗോപിനാഥ് കോൺഗ്രസിലെത്തിച്ചു. കേവലം 338 വോട്ടുകൾക്കാണ് സി.പി.എമ്മിന്റെ വി.സുകുമാരൻ മാസ്റ്റർ പരാജയപ്പെട്ടത്.
1996ൽ ചരിത്രം തിരുത്തിയെഴുതി. സി.കെ.രാജേന്ദ്രൻ ആലത്തൂർ തിരിച്ചുപിടിച്ചു. 1996 മുതൽ 2016 വരെ മണ്ഡലത്തിൽ എൽ.ഡി.എഫ് മാത്രമാണ് വിജയിച്ചത്. 2001ൽ കോൺഗ്രസിന്റെ ആർ.ചെല്ലമ്മയെ 12166 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് എൽ.ഡി.എഫിന്റെ വി.ചെന്താമരാക്ഷൻ വിജയിച്ചു. 2006 ലും 2011ലും സിപിഎമ്മിന്റെ എം.ചന്ദ്രനാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. നിലവിൽ സി.പി.എം നേതാവ് കെ.ഡി.പ്രസേനനാണ് മണ്ഡലത്തെ നയിക്കുന്നത്.
തദ്ദേശത്തിലും കോട്ടകാത്ത് എൽ.ഡി.എഫ്
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെയുള്ള ഏഴ് പഞ്ചായത്തുകളിൽ ആറും എൽ.ഡി.എഫിനെയാണ് പിന്തുണച്ചത്. കുഴൽമന്ദം മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്. ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, തേങ്കുറിശ്ശി, വണ്ടാഴി, മേലാർകോട് എന്നീ ഗ്രാമപഞ്ചായത്തുകളാണ് എൽ.ഡി.എഫിനൊപ്പം നിന്നത്. ഇതാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നത്.