
മംഗലംഡാം (പാലക്കാട്): വനപാതയിലൂടെ പോവുകയായിരുന്ന ജീപ്പ് മുപ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. തളികക്കല്ല് ആദിവാസി കോളനിയിലെ രാജഗോപാൽ (60) ബാബു (40) എന്നിവരാണ് മരിച്ചത്. രാജഗോപാലിന്റെ മകളും ബാബുവിന്റെ ഭാര്യയുമായ ചിത്ര (35), ജീപ്പ് ഡ്രൈവർ കടപ്പാറ കൃഷ്ണൻകുട്ടി (27), സഹോദരൻ പ്രസാദ് (23) എന്നിവർക്കാണ് പരിക്കേറ്റത്.
കുഞ്ചിയാർപതി അയ്യപ്പൻപാടി കാരപാറ ഭാഗത്ത് വനവിഭവം ശേഖരിക്കുന്നതിന് കുടുംബ സമേതം താമസിക്കുന്നവരാണ് ഇവർ. വനവിഭവങ്ങൾ വിറ്റ് ഭക്ഷ്യസാധനങ്ങളും മറ്റും വാങ്ങി തിരിച്ച് പോകുമ്പോൾ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അയ്യപ്പൻപാടിയിലെ കൊടുംവളവിൽ ജീപ്പ് പുറകോട്ട് എടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് 30 അടി താഴേക്ക് പതിക്കുകയായിരുന്നു.
രാജഗോപാലും ബാബുവും പുറത്തേക്ക് തെറിച്ചുവീണു. നിലവിളി കേട്ട് സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണനും കുടുംബവും ഓടിയെത്തി.
പരിക്കേറ്റ കൃഷ്ണൻകുട്ടിയും പ്രസാദും കാട്ടിലൂടെ രണ്ട് കി.മീ നടന്ന് സ്വകാര്യ എസ്റ്റേറ്റിലെത്തി വിവരമറിയിച്ചു. അവിടെയുണ്ടായിരുന്ന ജീപ്പിൽ രാത്രി ഒന്നോടെ കടപ്പാറയിലെത്തിച്ചു.

മംഗലം ഡാം പൊലീസിന്റെ നേതൃത്വത്തിൽ ആംബുലൻസിൽ മംഗലംഡാം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാജഗോപാലും ബാബുവും മരിച്ചിരുന്നു. മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രിയേക്ക് മാറ്റി. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജഗോപാലിന്റെ ഭാര്യ മാതു. മക്കൾ: പരേതനായ മോഹനൻ, ചിത്ര (ബാബുവിന്റെ ഭാര്യ). ബാബുവിന്റെ മക്കൾ: ദിപിൻ, പവിത്ര, വിപിൻ, റിഥിൻ.