
പാലക്കാട്: പതിയെ ഒഴുകിയെത്തിയ പുഴ അഴിമുഖത്തു കടലിലേക്ക് പ്രവഹിക്കുന്ന പോലെയായിരുന്നു ഇന്നലെ രാവിലെ പാലക്കാട് നഗരവും കോട്ടമൈതാനവും. രാവിലെ ഏഴ് മണിയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ എൻ.ഡി.യുടെ മഹാസമ്മേളനത്തിനായി ഒഴുകിയെത്തുകയായിരുന്നു. എട്ടുമണിയോടെ സമ്മേളന വേദിയിലേക്ക് പ്രവർത്തകരെ പ്രവേശിപ്പിച്ചു. ദേശീയ ചാനലുകൾ ഉൾപ്പെടെ വലിയൊരു മാദ്ധ്യമപ്പട ലൈവ് കവറേജിനായി മുന്നിൽ ഇടംപിടിച്ചിരുന്നു. 50,000 പേരെ ഉൾക്കൊള്ളാവുന്ന മൈതാനം 8.40ഓടെ നിറഞ്ഞു കവിഞ്ഞു. പിന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായുള്ള കാത്തിരിപ്പ്.
9.20 ഓടെ ജില്ലയിലെ 12 എൻ.ഡി.എ സ്ഥാനാർത്ഥികളും വേദിയിലെത്തിയിരുന്നു. ആദ്യം വന്നത് മെട്രോമാൻ ഇ.ശ്രീധരൻ. 9.30ന് നേതാക്കൾ പ്രസംഗിച്ചു തുടങ്ങി. 10.20ഓടെ കേന്ദ്ര മന്ത്രി വി.മുരളീധരൻ എത്തി. സ്ഥാനാർത്ഥികൾ വിജയാഭ്യർത്ഥന നടത്തി. തുടർന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.ഭാസി പ്രസംഗം തുടങ്ങി. സമയം 11 മണി, അദ്ദേഹത്തിന്റെ പ്രസംഗം കത്തിക്കയറുമ്പോൾ പ്രധാനമന്ത്രിയുടെ ഹെലികോപ്ടർ വ്യൂഹത്തിന്റെ ഇരമ്പം. കസേരകളിൽ ഇരുന്ന പ്രവർത്തകർ എഴുന്നേറ്റ് കൈയടിയും ആർപ്പുവിളിയും തുടങ്ങി. നാടിന്റെ ദൈവദൂതൻ ഇതാ പാലക്കാടിന്റെ മണ്ണിലിറങ്ങുന്നുവെന്ന് പറഞ്ഞ് ഭാസി സംസാരം അവസാനിപ്പിച്ചു. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ഹെലിപ്പാഡിൽ ആദ്യം ഇങ്ങിയത് വൈദ്യസംഘം. സുരക്ഷാ ഭടൻമാരും പ്രധാനമന്ത്രിയും അടുത്ത രണ്ട് ഹെലികോപ്ടറുകളിൽ ഇറങ്ങി. മിനിറ്റുകൾക്കുള്ളിൽ പുഞ്ചിരി തൂകി നരേന്ദ്രമോദി വേദിയിലെത്തി. മെട്രോമാന്റെ അരികിലേക്ക്. പിന്നെ എല്ലാവരും ചേർന്ന് പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്തു.
ബി.ജെ.പി. ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഇ.കൃഷ്ണദാസും മെട്രോമാൻ ഇ.ശ്രീധരനും മോദിയെ പൊന്നാട അണിയിച്ചു. നേതാക്കൾ ചേർന്ന് കൽപ്പാത്തി തേരിന്റെ മാതൃകയും സമ്മാനിച്ചു. ശ്രീധരന്റെ ആമുഖ പ്രസംഗത്തിന് ശേഷമാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്. 20 മിനിറ്റ് സംസാരിച്ച അദ്ദേഹം കേരളത്തിലെ ഇടതു, വലതു മുന്നണികളെ നിശിതമായി വിമർശിച്ചു. ഇ.ശ്രീധരനെ പ്രകീർത്തിച്ചു. ബി.ജെ.പിയുടെ വികസന അജണ്ട വിശദീകരിച്ചു. 12.15ഓടെ സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർത്ഥിച്ച് മോദി വേദി വിട്ടു.
ഇ. ശ്രീധരൻ കേരളത്തിന്റെ പുത്രനെന്ന് മോദി
ആധുനിക ഇന്ത്യ കെട്ടിപ്പടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് മെട്രോമാൻ ഇ.ശ്രീധരനെന്നും കേരളത്തിന്റെ പുത്രനാണദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അധികാരം വേണമായിരുന്നെങ്കിൽ 20 വർഷം മുമ്പ് തന്നെ ഇ.ശ്രീധരന് അതിനവസരമുണ്ടായിരുന്നു, പക്ഷേ അദ്ദേഹം കേരളത്തിന് വേണ്ടി, രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചു. ജീവിതത്തിലൽ എല്ലാം നേടിയ ഈ മനുഷ്യന് നാടിനോടുള്ള പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. അദ്ദേഹം ബി.ജെ.പിയിൽ ചേർന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.