പാലക്കാട്: എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടെത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
രാവിലെ 11ന് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ ഹെലികോപ്ടറിറങ്ങിയ അദ്ദേഹം സുൽത്താൻപേട്ട വഴി റോഡ് മാർഗം 11.15ഓടെ സമ്മേളന വേദിയിലെത്തി. നഗരസഭാദ്ധ്യക്ഷ പ്രിയ കെ.അജയൻ, കൗൺസിലർമാരായ പി.സാബു, ടി.ബേബി, ടി.മീനാക്ഷി എന്നിവർ ചേർന്ന് അദ്ദേഹത്തെ ഹെലിപ്പാഡിൽ വച്ച് സ്വീകരിച്ചു.
പ്രധാനമന്ത്രിയെ വരവേൽക്കുന്നതിനായി പൊള്ളുന്ന വേനൽച്ചൂട് വകവയ്ക്കാതെ ഒരു ലക്ഷത്തോളം വരുന്ന പ്രവർത്തകരാണ് ആവേശത്തിന്റെ അലകടൽ തീർത്ത് കോട്ടമൈതാനിയിലേക്ക് ഇരച്ചെത്തിയത്. മുദ്രാവാക്യങ്ങളും ആർപ്പുവിളികളുമായി പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റു.
കേരളത്തിലെ നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും അതിനുവേണ്ടി വോട്ടഭ്യർത്ഥിക്കാനാണ് താൻ എത്തിയതെന്നും പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ശേഷം ഇടതു-വലതു മുന്നണികളെ രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാന രാഷ്ട്രീയം വലിയ മാറ്റത്തിന് വിധേയമാകുകയാണ്. എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ രഹസ്യ ധാരണയുണ്ട്. എൽ.ഡി.എഫ് ഏതാനും സ്വർണനാണയങ്ങൾക്കായി നാടിനെ ഒറ്റി. യു.ഡി.എഫ് സൂര്യരശ്മിയെ പോലും വെറുതെ വിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് എൽ.ഡി.എഫും യു.ഡി.എഫും പയറ്റുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ യുവത ബി.ജെ.പിയെ അംഗീകരിക്കുന്നു.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. അതിനായി എല്ലാം വിഭാഗങ്ങളെയും എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന വികസന നയമാണ് ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നത്. മത്സ്യബന്ധനം, കാർഷികം, ആയുർവേദം, നൈപുണ്യവികസനം, സാമൂഹ്യനീതി, വിനോദസഞ്ചാരം, സാങ്കേതികവിദ്യ എന്നിവയ്ക്ക് മുൻതൂക്കം നൽകി വേഗതയാർന്ന വികസന പദ്ധതി ഏകോപിപ്പിക്കും.
പാലക്കാട് കൃഷിക്ക് പേരുകേട്ട നാടാണ്. ഈ മേഖലയ്ക്ക് എൻ.ഡി.എ സർക്കാർ വലിയ പ്രധാന്യം നൽകുന്നു. മിനിമം താങ്ങുവില വർദ്ധിപ്പിച്ചത് എൻ.ഡി.എ സർക്കാരാണ്. ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്കും ഊന്നൽ നൽകി. കിസാൻ റെയിൽ പദ്ധതി കാർഷികോല്പന്ന നീക്കത്തിന് ശക്തി പകർന്നു. കർഷക ക്ഷേമം സർക്കാർ ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി ഉന്നമനത്തിനായി 2019ൽ തന്നെ ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കിസാൻ കാർഡ് നൽകും. ആയുർവേദത്തെ ആഗോള ബ്രാൻഡായി മാറ്റും തുടങ്ങിയ ഉറപ്പും അദ്ദേഹം നൽകി.
കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥികളായ ഇ.ശ്രീധരൻ, സി.കൃഷ്ണകുമാർ, എ.എൻ.അനുരാഗ്, സന്ദീപ് വാര്യർ, പി.വേണുഗോപാൽ, പ്രശാന്ത് ശിവൻ, ശങ്കു ടി.ദാസ്, കെ.എം.ഹരിദാസ്, വി.നടേശൻ, എം.സുരേഷ് ബാബു, കെ.പി.ജയപ്രകാശ്, നസീമ ഷറഫുദ്ദീൻ എന്നിവർ വേദിയിലുണ്ടായിരുന്നു. മൂന്ന് നിരകളിലായാണ് ഇരിപ്പിടം ക്രമീകരിച്ചിരുന്നത്.