ana
a

പത്തനംതിട്ട: രാജ്യത്തെ ആദ്യത്തെ ആന മ്യൂസിയമായ കോന്നി ആനത്താവളത്തിൽ സന്ദർശകരുടെ തിരക്ക്. ഇതുവരെ ആനക്കുറുമ്പ് കണ്ട് കൗതുകം കൊണ്ടവർക്ക് ഇനി ആനകളെ അടുത്തറിയാം. ഭക്ഷണ ശീലങ്ങളറിയാം. ആന അറിവുകളുടെ അപാര കാഴ്ചകളുണ്ട് മ്യൂസിയത്തിൽ. പ്രകൃതിയോടും മനുഷ്യരോടും പക്ഷികളോടും മറ്റ് മൃഗങ്ങളോടുമുള്ള ആന മനസ് എങ്ങനെയെന്ന് പറഞ്ഞു തരുന്ന ചിത്രങ്ങളുമുണ്ട്.

ആനകളുടെ മ്യൂറൽ പെയിന്റിംഗാണ് മ്യൂസിയത്തിലേക്ക് എല്ലാവരെയും വരവേൽക്കുന്നത്. ഏഷ്യൻ, ആഫ്രിക്കൻ ആനകളുടെ ഉൽപ്പത്തിയും പരിണാമങ്ങളും മനുഷ്യരും പ്രകൃതിയുമായുള്ള ഇടപഴകലും വിവരിക്കുന്ന ചിത്രങ്ങൾ മ്യൂസിയത്തിലെ രണ്ട് മുറികളിലായി ഭിത്തികളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. കൊമ്പനാനയുടെ അസ്ഥികൂടമാണ് ശ്രദ്ധയാകാർഷിക്കുന്ന പ്രധാനയിനം. സമീപത്തായി ആനപ്പല്ല്, തലയോട്ടി, കീഴ്ത്താടിയെല്ല്, മുട്ടുചിരട്ട, കൊമ്പുകൾ എന്നിവയുണ്ട്. ആനകളെ മെരുക്കാനും കുടുക്കാനും ഉപയോഗിക്കുന്ന മുളവടി, ഇടച്ചങ്ങല, അങ്കുശം, കത്തി, കൊമ്പ് ചുറ്റ്, ആനക്കെണി, മത്ത്, തോട്ടി, വലിയകോൽ തുടങ്ങയ ആയുധങ്ങളാണ് മറ്റൊരു വിഭാഗം. ആനകളുടെ ശീലങ്ങൾ, സ്വഭാവം എന്നിവയുടെ വിവരണം കൂടി കണ്ട് ആനകളെക്കുറിച്ചുള്ള പൂർണ അറിവുകളുമായി മടങ്ങാം.

ആനകൾ കേന്ദ്ര കഥാപാത്രങ്ങളായ സിനിമകളുടെയും പുസ്തകങ്ങളുടയും ചുവർചിത്രങ്ങൾ കണ്ട് ആർട്ട് ഗാലറിയിലേക്ക് കയറാം. തടി, വൈക്കോൽ, ഗ്ളാസ്, കളിമണ്ണ് തുടങ്ങിയവ കൊണ്ട് നിർമിച്ച ആനകളുടെ ചെറുതും വലുതമായ നൂറോളം ശില്പങ്ങളും പെയിന്റിംഗുകളുമായി ആർട്ട് ഗാലറി ആകർഷകമാണ്. കോന്നിയിലും പരിസരങ്ങളിലും കേരള ലളിതകലാ അക്കാഡമിയിലെ കലാകാരൻമാർ നടത്തിയ 'കരി' ചിത്ര രചനാ മത്സരങ്ങളിലെ ചിത്രങ്ങളും ഗാലറിയിലുണ്ട്. ന്യൂഡൽഹിയിൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഒാഫ് ഇന്ത്യ സംഘടിപ്പിച്ച പ്രദർശനങ്ങളിലെ ശില്പങ്ങളുമുണ്ട്.

കാട്ടിൽ നിന്ന് കിട്ടുന്ന ആനകളെ മെരുക്കിയെടുക്കാനുള്ള ആനക്കൊട്ടിൽ നവീകരിച്ചു. ജലസംഭരണിക്ക് സമീപമായി ഒരുക്കിയ ഐരാവതവും ആടിക്കളിക്കുന്ന വെള്ളാനയും ആകർഷകങ്ങളാണ്. കുട്ടികൾക്കായി പാർക്കുമുണ്ട്. 30 ഇനം പക്ഷിമൃഗങ്ങളുടെ ശബ്ദങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ കേൾപ്പിക്കും.

കോടനാട് നിന്ന് അടുത്തിടെ കൊണ്ടുവന്ന നീലകണ്ഠൻ, കൃഷ്ണ, പിടിയാനകളായ പ്രയദർശനി, നീന, ഇൗവ എന്നീ ആനകളാണ് ആനത്താവത്തിലുള്ളത്.

'' ആനകളുടെ ജീവിത രീതി അറിയാൻ വിജ്ഞാനപ്രദവും കൗതുകകരവുമായ കാര്യങ്ങളാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.

ശ്യാം മോഹൻ ലാൽ, കോന്നി ഡി.എഫ്.ഒ