മലയാലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് വെട്ടൂരിൽ ആരംഭിക്കാനിരുന്ന ലോ കോളേജ് പദ്ധതി സാമ്പത്തിക പ്രതിസന്ധി മൂലം ഉപേക്ഷിച്ചേക്കുമെന്ന് സൂചന. 2019 ലാണ് എയ്ഡഡ് മേഖലയിലോ, അൺ എയിഡഡ് മേഖലയിലോ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലോ കോളേജ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. വെട്ടൂർ ആയിരവില്ലൻ ക്ഷേത്രപരിസരത്തുള്ള ഏഴര ഏക്കർ സ്ഥലം ലോ കോളേജിനായി ഏറ്റെടുക്കാനും അന്ന് തീരുമാനമെടുത്തിരുന്നു. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് അനുയോജ്യമാണന്ന് കണ്ടെത്തിയിരുന്നു. ഇതിനോടു ചേർന്ന റവന്യു ഭൂമിയും കോളേജിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. 2020 ഫെബ്രുവരി 28ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, മെമ്പർ കെ.എസ്.രവി എന്നിവരും സ്ഥലം സന്ദർശിച്ചിരുന്നു. ലോ കോളേജിനായി താത്കാലിക കെട്ടിടങ്ങൾ വിട്ടുനൽകാമെന്ന് ക്ഷേത്രോപദേശകസമിതിയും ഉറപ്പ് നൽകിയിരുന്നു. തുടർന്നുണ്ടായ കൊവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്രങ്ങളിൽ നിന്ന് വരുമാനം കുറഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ബോർഡിന് പദ്ധതി ഉപേക്ഷിക്കേണ്ട അവസ്ഥയായി. ക്ഷേത്ര ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാനും ക്ഷേത്രത്തിലെ നിത്യ ചെലവുകൾ നടത്താനും ബോർഡ് ബുദ്ധിമുട്ടുന്ന അവസ്ഥയിലായപ്പോൾ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ജില്ലയിലെ വിദ്യാർത്ഥികൾ നിയമ വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തേയും കൊച്ചിയിലേയും ലോ കോളേജുകളെയും അന്യ സംസ്ഥാനങ്ങളിലെ ലോ കോളേജുകളെയുമാണ് ആശ്രയിക്കുന്നത്. ജില്ലയിലെ വിദ്യാർത്ഥി കൾക്ക് പുറമേ കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിദ്യാർത്ഥികൾക്കുംനിർദ്ദിഷ്ട കോളേജിന്റെ പ്രയോജനം ലഭിക്കുമായിരുന്നു.