
കോന്നി : വെയിലിന്റെ തീഷ്ണതയിൽ നാടും നഗരവും വെന്തുരുകുകയാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. മൺസൂൺ, വേനൽമഴ എല്ലാംകൂടി കണക്കെടുത്താൽ കഴിഞ്ഞ ഒരുവർഷത്തിനിടെ 63 ശതമാനം മഴയുടെ കുറവ് ജില്ലയ്ക്കുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ശരാശരി പകൽ താപനില ജില്ലയിൽ 36 - 38 ഡിഗ്രിയാണ്. പകൽ അന്തിയോളവും താപനില ഉയർന്നു നിൽക്കുന്നു. അന്തരീക്ഷ താപനില ഉയർന്നതോടെ ഭൂഗർഭജലനിരപ്പും ക്രമാതീതമായി താഴ്ന്നു.സൂര്യാതപമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ജില്ല നേരിടുകയാണ്. കുടിക്കാൻ ശുദ്ധജലം ലഭ്യമാകാത്ത സാഹചര്യം പലയിടങ്ങളിലുമുണ്ട്. കുപ്പിവെള്ളമാണ് പലർക്കും ആശ്രയം. ചൂടിന്റെ രൂക്ഷതയിൽ വേനൽക്കാലരോഗങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്.
സൂര്യാഘാതത്തിന് സാദ്ധ്യത
ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്നത് സൂര്യാഘാതത്തിന് സാദ്ധ്യത ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും സൂര്യാതപമേറ്റുള്ള
അപകടങ്ങൾക്കും സാദ്ധ്യത കൂടുതലാണ്. ശരീരത്തിലെ താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുമ്പോൾ തലച്ചോറ്, വൃക്ക, ഹൃദയം എന്നീ അവയവങ്ങളുടെ പ്രവർത്തനങ്ങൾ തകരാറിലാകും. ഇൗ അവസ്ഥയാണ് സൂര്യാഘാതം. നാല് വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും, പനിയുള്ളവർ, ഹൃദ്യോഗമുള്ളവർ, മദ്യം മറ്റ് ലഹരികൾ ഉപയോഗിക്കുന്നവർ എന്നിവരിൽ സൂര്യാഘാതമേൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്.
മുന്നറിയിപ്പ്
ചൂടിന് കാഠിന്യം കൂടുമ്പോൾ ധാരാളം വെള്ളം കുടിക്കണം. ദാഹം തോന്നുന്നില്ലെങ്കിൽ പോലും ഓരോ മണിക്കൂറിലും രണ്ട് മുതൽ നാല് ഗ്ലാസ് വരെ വെള്ളം കുടിക്കുക. വെയിലത്ത് പണി ചെയ്യേണ്ടിവരുന്നവർ ജോലി സമയം ക്രമീകരിക്കണം. വെയിലത്ത് ജോലി ചെയ്യുമ്പോൾ ഇടയ്ക്കിടെ തണലിലേക്ക് മാറി നിൽക്കുകയും വെള്ളം കുടിക്കുകയും വേണം. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. ത്വക്കിലും ശരീരത്തിലും അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ വെയിലത്തുനിന്ന് മാറി നിൽക്കണം. തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കണം. കൈകാലുകളും മുഖവും ഇടയ്ക്കിടെ കഴുകണം.