കോന്നി: സ്ഥാനാർത്ഥി നിർണയത്തിന് മുമ്പേ കോന്നിയിലെ കോൺഗ്രസിൽ ഉടലെടുത്ത പടലപ്പിണക്കം പോസ്റ്ററുകളായി പ്രത്യക്ഷപ്പെട്ടു. അടൂർ പ്രകാശ് എം.പിക്കും ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്ററിനുമെതിരെ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ വ്യാപകമായി പോസ്റ്ററുകൾ കാണാനായി. പിന്നീട് കോൺഗ്രസ് പ്രവർത്തകർ തന്നെ ഇവ കീറിക്കളഞ്ഞു. കോൺഗ്രസ് സംരക്ഷണ സമിതി എന്ന പേരിലായിരുന്നു പോസ്റ്ററുകൾ.
കഴിഞ്ഞ കോന്നി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജിനെ പരാജയപ്പെടുത്താൻ അടൂർ പ്രകാശും റോബിൻ പീറ്ററും ശ്രമിച്ചതായി പോസ്റ്ററിലൂടെ ആരോപിക്കുന്നു. കൂടാതെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ശാമുവേൽ കിഴക്കുപുറം, എലിസബത്ത് അബു, കെ.വിശ്വംഭരൻ എന്നിവരെ പരാജയപ്പെടുത്താനും ശ്രമം നടത്തിയതായി ആരോപണമുണ്ട്. പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽ.ഡി.എഫിന് ഭരണം നേടി കൊടുക്കാൻ സാഹചര്യമൊരുക്കിയ റോബിൻ പീറ്ററെ എന്ത് അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയായി നിശ്ചയിക്കുന്നതെന്നും പോസ്റ്ററിലൂടെ ചോദ്യം ചെയ്യുന്നു.
ആറ്റിങ്ങൽ എം.പി അടൂർ പ്രകാശിന്റെ നോമിനിയാണ് റോബിൻ പീറ്ററെന്നും പോസ്റ്ററിൽ ആരോപണമുണ്ട്.