
പാർത്ഥസാരഥിയുടെ നാട്ടിൽ ഇത്തവണ തേര് തെളിക്കുന്നതാരാകും?. ജില്ലാ ആസ്ഥാനമായ പത്തനംതിട്ട ഉൾപ്പെടുന്ന ആറൻമുള മണ്ഡലത്തിന്റെ കൊടിക്കൂറ പാറുന്നത് ഏതു ദിശയിലേക്കാണെന്ന് ഉറപ്പിച്ചു പറയാനാവില്ല. ചെങ്കൊടിയും ത്രിവർണ പതാകയും മാറിപ്പിടിച്ചിട്ടുണ്ട് ഇൗ നാട്. മാദ്ധ്യമ പ്രവർത്തകയായി അറിയപ്പെട്ട വീണാ ജോർജിനെ കഴിഞ്ഞതവണ മണ്ഡലത്തിലിറക്കിയപ്പോൾ ഞെട്ടിയത് സി.പി.എം പ്രാദേശിക ഘടകവും നാട്ടുകാരുമാണ്. സംസ്ഥാന കമ്മിറ്റിയുടെ സ്ഥാനാർത്ഥിയായി ആറൻമുളയിൽ എത്തിയ വീണാ ജോർജിനോട് അന്നത്തെ എം.എൽ.എ കെ.ശിവദാസൻ നായർ തോറ്റുമടങ്ങി. ഇക്കുറി വീണ തന്നെയാകും സ്ഥാനാർത്ഥിയെന്ന് പാർട്ടി കേന്ദ്രങ്ങൾ സൂചന നൽകുന്നു. എന്നാൽ, വ്യക്തിപരമായി താൽപ്പര്യമില്ലെന്ന് വീണ പാർട്ടി നേതൃത്വത്തെ അറിയിച്ചെന്നും സംസാരമുണ്ട്. പാർട്ടി നിർബന്ധിച്ചാൽ മത്സരത്തിനിറങ്ങുമെന്നും കേൾക്കുന്നു.
യു.ഡി.എഫിൽ കെ.ശിവദാസൻ നായരോ മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജോ എന്നതാണ് ചോദ്യം. ഇരുവരും മണ്ഡലത്തിൽ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പരിഭാഷകയായി പേരെടുത്ത ജ്യോതി വിജയകുമാറിന്റെ പേരും അന്തരീക്ഷത്തിലുണ്ട്.
കഴിഞ്ഞ തവണ എം.ടി.രമേശിനെ രംഗത്തിറക്കി ത്രികോണ പോരാട്ടം നടത്തിയ ബി.ജെ.പിയുടെ അടുത്ത സ്ഥാനാർത്ഥി ആരെന്നറിയാനും മണ്ഡലത്തിൽ ആകാംക്ഷയേറിയിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തക സുജയ്യ പാർവതിയുടെ പേരും ഉയർന്നിട്ടുണ്ട്.
ജില്ലയിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലമാണ് ആറന്മുള. 2009ലെ മണ്ഡല പുനർനിർണയത്തിന് ശേഷമാണ് ആറൻമുളയുണ്ടായത്.
തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം
എൽ.ഡി.എഫ്: ഇരവിപേരൂർ, മല്ലപ്പുഴശ്ശേരി, ചെന്നീർക്കര, മെഴുവേലി, നാരങ്ങാനം ( പഞ്ചായത്തുകൾ), പത്തനംതിട്ട നഗരസഭ.
''''''
യു.ഡി.എഫ്: ആറന്മുള, കോഴഞ്ചേരി, കോയിപ്രം, ഇലന്തൂർ, ഓമല്ലൂർ.
:...
ബി. ജെ.പി : കുളനട
വോട്ടർമാർ
ആകെ 2,33,365.
പുരുഷൻ : 1, 10, 404
സ്ത്രീ : 1, 22, 960
ട്രാൻസ്‌ജെൻഡർ : 1
ബൂത്തുകൾ 335.