പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പിൽ ഹിന്ദു പാർലമെന്റ് പി.സി.ജോർജിനും മാണി സി.കാപ്പനും പിന്തുണ നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.സുഗതൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തവണ എൽ.ഡി.എഫിനായിരുന്നു ഹിന്ദുപാർലമെന്റ് പിന്തുണ നൽകിയത്.എന്നാൽ ഇത്തവണ എൽ.ഡി.എഫിനെ പിന്തുണക്കില്ലെന്ന് സി.പി.സുഗതൻ പറഞ്ഞു.എൽ.ഡി.എഫ് വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്തത്. ജാതി രാഷ്ട്രീയത്തെ തടയാനാണ് കഴിഞ്ഞ തവണ എൽ.ഡി.എഫിനെ പിന്തുണച്ചത്. അവർ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തത്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് മാത്രമാകും ഇനി പിന്തുണ നൽകും. നല്ല വ്യക്തിത്വമുള്ളവരെ പിന്തുണക്കും. അഴിമതിക്കാരെ പിന്തുണക്കില്ല. യു.ഡി.എഫ് പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവുമായി സംസാരിച്ചിരുന്നു. ചർച്ചകൾ തുടരുന്നുണ്ട്. വെള്ളാപ്പള്ളിയുടേത് ജാതി രാഷ്ട്രീയമാണ്. ബി.ജെ.പി അദ്ധ്യക്ഷൻ കെ .സുരേന്ദ്രൻ ഭക്തരുടെ ഭാഗത്തല്ല. വിശ്വാസികളെ പറ്റിക്കുകയാണ് ചെയ്യുന്നതെന്നും സി.പി.സുഗതൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കേരള സാംബവർ മഹാസഭ പ്രസിഡന്റ് എം.ഇ.പരമേശ്വരൻ, ഹിന്ദുപാർലമെന്റ് വൈസ് പ്രസിഡന്റ് എം .എൻ.മോഹൻദാസ് എന്നിവരും പങ്കെടുത്തു.