പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പൂർണമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം ഒാർമിപ്പിച്ചത്.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പ്രൊഫ. ടി.കെ.ജി. നായർ, അഡ്വ. വി.ആർ. സോജി, അലക്‌സ് കണ്ണമല, ആർ. ജയകൃഷ്ണൻ, വാളകം ജോൺ, എ.ഡി.എം ഇ.മുഹമ്മദ് സഫീർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. ചന്ദ്രശേഖരൻ നായർ, ഡി.എം.ഒ ഡോ. എ.എൽ. ഷീജ തുടങ്ങിയവർ പങ്കെടുത്തു.
പ്രചാരണത്തിൽ കൊവിഡ് പ്രോട്ടോകോൾ പൂർണമായി പാലിക്കുന്നു എന്ന് എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളും ഉറപ്പുവരുത്തണം. പത്രിക നൽകാൻ റിട്ടേണിംഗ് ഓഫീസറുടെ ചേമ്പറിൽ സ്ഥാനാർത്ഥി എത്തുമ്പോൾ കൂടെ രണ്ടുപേരിൽ കൂടാൻ പാടില്ല. നോമിനേഷൻ നൽകാൻ എത്തുമ്പോൾ രണ്ടു വാഹനത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. പ്രോട്ടോകോൾ പാലിച്ച് പൊതുയോഗങ്ങൾ നടത്താൻ സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ അഭ്യർത്ഥന കണക്കിലെടുത്ത് നേരത്തെ നിശ്ചയിച്ച 10 സ്ഥലങ്ങൾക്ക് പുറമേ റാന്നി നിയോജക മണ്ഡലത്തിൽ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ്, ആറന്മുള നിയോജക മണ്ഡലത്തിൽ കോഴഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തെ വണ്ടിപേട്ട എന്നിവിടങ്ങളിൽ പൊതുയോഗങ്ങൾ നടത്താനായി അനുവദിക്കുന്ന കാര്യം പരിശോധിക്കും.
വീട് കയറാൻ അഞ്ചുപേർ
വീടുകയറിയുള്ള പ്രചാരണത്തിന് സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ചു പേർക്കാണ് അനുമതി. സ്ഥാനാർത്ഥികളുടെ റോഡ് ഷോയിൽ ഒരു സമയം അഞ്ചു വാഹനങ്ങൾ മാത്രമേ അനുവദിക്കു. പ്രചാരണ യോഗങ്ങളിൽ ഇൻഡോർ യോഗങ്ങളിൽ 100 പേരും ഔട്ട്‌ഡോർ യോഗങ്ങളിൽ 200 പേരിലും കൂടാൻ പാടില്ല. പോളിംഗ് സ്റ്റേഷനുകളിലും കൗണ്ടിംഗ് സെന്ററുകളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ക്രമീകരണങ്ങൾ ഒരുക്കും.
80 കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട്
ഭിന്നശേഷിക്കാർക്കും, 80 വയസിന് മുകളിലുള്ളവർക്കും, ഇലക്ഷൻ കമ്മിഷൻ നിഷ്‌കർഷിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും, കൊവിഡ് രോഗികൾക്കും, കൊവിഡ് സംശയത്തിൽ നിരീക്ഷണത്തിൽ ഉള്ളവർക്കും, പോസ്റ്റൽ ബാലറ്റിനുള്ള ക്രമീകരണങ്ങൾ ഒരുക്കും.
ബി.എൽ.ഒമാർ പോസ്റ്റൽ വോട്ടിനുള്ള അപേക്ഷ വീട്ടിലെത്തി സ്വീകരിച്ച് റിട്ടേണിംഗ് ഓഫീസർക്ക് കൈമാറും. റിട്ടേണിംഗ് ഓഫീസറാണ് പോസ്റ്റൽ വോട്ട് അനുവദിക്കുന്നത്. പോസ്റ്റൽ വോട്ട് വീടുകളിൽ ചെന്ന് സമിതിദായകരിൽ നിന്ന് വോട്ട് ചെയ്ത് സ്വീകരിക്കുന്നതിന് 300 ടീമുകളെ നിയോഗിക്കും. രാഷ്ട്രീയ പാർട്ടികളെ പോസ്റ്റൽ ബാലറ്റ് സ്വീകരിക്കുന്ന പ്രദേശങ്ങളെകുറിച്ച് മുൻകൂട്ടി അറിയിക്കും. കൊവിഡ് പോസിറ്റീവായ ആളുകളുടെ ലിസ്റ്റ് തയാറാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജയുടെ നേതൃത്വത്തിൽ പ്രത്യേക ടീം പ്രവർത്തിക്കും. സ്‌പെഷ്യൽ ബാലറ്റ് ഓഫീസർമാർക്കും ബി.എൽ.ഒമാർക്കും പ്രത്യേക പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പാടില്ല
കെ.എസ്.ഇ.ബി വൈദ്യുതി പോസ്റ്റുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ പൊതു സ്ഥലങ്ങൾ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകൾ രൂപീകരിച്ച് നിരീക്ഷണവും പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളിൽ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പോളിംഗ് ബൂത്തുകളിൽ ശരീരിക അകലം പാലിക്കാൻ മാർക്കിംഗ് നടത്തും. ശാരീരിക അകലം പാലിക്കുന്നത് ഉറപ്പാക്കുന്നതിന് പാരാമിലിറ്ററി ഫോഴ്‌സിനൊപ്പം എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
പൊലീസ് റെഡി
സുതാര്യവും സംഘർഷരഹിതമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധനൽകുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി പറഞ്ഞു. ഒരു പാർട്ടിയുടെ പ്രചാരണ പരിപാടി നടക്കുന്ന സ്ഥലത്തുകൂടി മറ്റൊരുപാർട്ടിയും അതേസമയം പ്രചാരണം നടത്താൻ പാടുള്ളതല്ല. രാഷ്ട്രീയ പാർട്ടികൾ മുൻകൂട്ടി അനൗൻസ്‌മെന്റിനുള്ള അനുമതി വാങ്ങുകയും ഓരോ ദിവസത്തെയും പ്രചാരണ പരിപാടിയുടെ ചാർട്ട് പൊലീസിന് നൽകുകയും വേണം. പ്രചാരണ പ്രവർത്തനങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് ഉറപ്പുവരുത്തുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.