കടമ്പനാട് : വീണ്ടും ഒരു തിരഞ്ഞെടുപ്പിന് കളംഒരുങ്ങുമ്പോൾ, നേട്ടങ്ങളും കോട്ടങ്ങളും ചർച്ചയാകുന്ന നേരത്ത് വേറിട്ടൊരു വികസനമായി ഒാർമ്മയിൽ തെളിയുകയാണ് മണക്കാലയിലെ ജനശക്തിയജ്ഞം. ഫണ്ടില്ലാതെ മുടങ്ങിയ ഒരു സർക്കാർ പദ്ധതി രാഷ്ട്രീയ പാർട്ടികളുടെ ഒത്തൊരുമയിൽ ശ്രമദാനത്തിലൂടെ പൂർത്തീകരിക്കുകയായിരുന്നു. ശുദ്ധജലം ലഭ്യമാക്കാനായി കൊടിയുടെ നിറംനോക്കാതെ ഒരു നാട് മുഴുവൻ ഒന്നായി രംഗത്തിറങ്ങിയപ്പോൾ അതൊരു ചരിത്രമായി.
1966ൽ തുടങ്ങിയ കല്ലട ജലസേചന പദ്ധതി നാലാം പഞ്ചവത്സര പദ്ധതിയിൽ അവഗണിക്കപ്പെട്ടതോടെ ഫണ്ട് കിട്ടാതായി കനാൽ പണി മുടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ കൊല്ലം ഡി.സി.സി പ്രസിഡന്റായിരുന്ന തെന്നല ബാലകൃഷ്ണപിള്ള ശ്രമദാനത്തിലൂടെ കനാൽ നിർമ്മാണമെന്ന ആശയം മുന്നോട്ടുവച്ചു. അന്ന് മണക്കാല ഉൾപ്പെടെയുള്ള പ്രദേശം കൊല്ലം ജില്ലയായിരുന്നു. സി.പി.ഐയും ആർ.എസ്.പിയും തെന്നലയുടെ ആശയത്തെ പിന്തുണച്ചതോടെ മണക്കാല ജനശക്തി മുതൽ - നെല്ലിമുകൾ വരെയുള്ള ഭാഗത്ത് കനാൽ ശ്രമദാനമായി നിർമ്മിച്ചു.
അന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നായി സന്നദ്ധ പ്രവർത്തകർ ശ്രമദാനത്തിനെത്തി. പണിക്ക് എത്തിയവരുടെ താമസസൗകര്യവും ചികിത്സാസൗകര്യവും പണിയായുധങ്ങളും സർക്കാർ ക്രമീകരിച്ചു. പണികൾക്ക് ഒരു ദിവസം രണ്ടായിരത്തിലധികം പേർ പങ്കെടുത്തിരുന്നു. രണ്ട് മാസം പണികൾ തുടർന്നു. 3.5 കിലോമീറ്ററിൽ 15,000 ഘനമീറ്റർ മണ്ണ് നീക്കം ചെയ്തു. മൂന്നായി തിരിച്ചായിരുന്നു പണികൾ നടത്തിയിരുന്നത്. ആദ്യഭാഗം കോൺഗ്രസ് പാർട്ടിയും പിന്നീടുള്ള ഭാഗം ആർ.എസ്.പി.യും അവസാനഭാഗം സി.പി.ഐയും ഏറ്റെടുത്തു. അന്നത്തെ ജലസേചന മന്ത്രി കെ.ജി.അ ടിയോടിയായിരുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അന്ന് മണക്കാലയിൽ മന്ത്രിയുടെ കാര്യാലയം തുറന്നുപ്രവർത്തിച്ചു.
അന്ന് മന്ത്രിക്കുവേണ്ടി അടൂരിൽ നിന്ന് മണക്കാലയിലേക്ക് പ്രത്യേകമായി ടെലിഫോൺലൈൻ വലിച്ചതും താത്കാലികമായി കെ.ഐ.പി ഓഫീസ്, സർക്കാർ ഡിസ്പൻസറി, ജീവനക്കാർക്കുള്ള ക്യാന്റീൻ ,ട്രാൻസ് പോർട്ട് സ്റ്റേഷൻ, പൊലീസ് കൺട്രോൾ റൂം എന്നിവ പ്രവർത്തിച്ചതും നാട്ടുകാർക്ക് ഇപ്പോഴും സുഖമുള്ള ഓർമ്മകളാണ്. ജില്ലാകളക്ടർ ബാബു ജേക്കബ്ബ് , സൂപ്രണ്ടിംഗ് എൻജിനീയർ ഒ.എം.മാത്യൂ എന്നിവർക്കും ക്യാമ്പ് ഓഫീസ് ഉണ്ടായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരു ണാകരനാണ് ജനശക്തി യജ്ഞം ഉദ്ഘാടനം ചെയ്തത്. യജ്ഞത്തിന്റെ ഓർമ്മയിലാണ് മണക്കാലയിൽ നിന്ന് 600 മീറ്റർ അകലെയുള്ള ജംഗ്ഷന് ജനശക്തി നഗർ എന്ന പേര് നല്കിയത്. ഇവിടെ കെ.ഐ.പി വക സ്ഥലത്ത് ആലും മറ്റു മരങ്ങളും നട്ട് നാട്ടുകാർ മഹായജ്ഞത്തിന്റെ സ്മരണ നിലനിറുത്തി. ജെ.സി.ബിയും ടിപ്പറും മറ്റ് യന്ത്രങ്ങളും ഒന്നും ഇല്ലാതിരുന്ന കാലത്ത് നടത്തിയ മനുഷ്യഅദ്ധ്വാനത്തിന്റെ ചരിത്രം
വരും തലമുറയിലേക്കെത്തിക്കാൻ ഒരു സ്മാരകം നിർമ്മിക്കണമെന്നത് 45 വർഷം പിന്നിട്ടുമ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല.