
പത്തനംതിട്ട : തന്റെ പ്രശ്നങ്ങൾ കേൾക്കാൻ ആരുമില്ലെന്ന തോന്നൽ ഇനി സ്ത്രീകൾക്ക് വേണ്ട. എല്ലാം കേൾക്കാൻ വനിതാശിശു വികസന വകുപ്പ് മഹിളാ ശക്തികേന്ദ്ര (എം.എസ്.കെ ) മുഖേന നടപ്പാക്കിയ കാതോർത്ത് പദ്ധതിയുണ്ട്. ഓൺലൈൻ കൗൺസലിംഗ്, നിയമ സഹായം, പൊലീസ് സഹായം എന്നിവ പദ്ധതിയിലൂടെ ലഭ്യമാകും. ഇതിനായി കൗൺസിലർമാരുടേയും അഭിഭാഷകരുടേയും വനിതാ സെൽ പൊലീസിന്റെയും സഹായമുണ്ട്.
മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയിൽ ഒന്നാണ് കാതോർത്ത് പദ്ധതി.
മന്ത്രി കെ.കെ. ശൈലജ 'കാതോർത്ത് ' ഓൺലൈൻ പോർട്ടലിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.
സേവനങ്ങൾ
1) ഓൺലൈൻ കൗൺസലിംഗ്
2) നിയമസഹായം
3) പൊലീസ് സഹായം
കൂടുതൽ വിവരങ്ങൾക്ക് - 8330862021
-------------------
സ്ത്രീകൾക്ക് 48 മണിക്കൂറിനുള്ളിൽ
സഹായം ലഭിക്കും
നിങ്ങൾ ചെയ്യേണ്ടത്
സേവനം ആവശ്യമായ സ്ത്രീകൾക്ക് kathorthu.wcd.kerala.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. എം.എസ്.കെ സംഘം കൗൺസലിംഗ്, നിയമസഹായം, പൊലീസ് സഹായം എന്നിവ തരംതിരിച്ച് ബന്ധപ്പെട്ട കൺസൾട്ടന്റുമാർക്ക് കൈമാറുകയും അവർ നൽകുന്ന സമയം പരാതിക്കാരിയെ അറിയിക്കുകയും ചെയ്യും. ഓൺലൈൻ ആയി കൺസൾട്ടന്റുമാരുടെ സേവനം ആവശ്യക്കാർക്ക് യഥാസമയം ലഭ്യമാകും. ഓൺലൈൻ കൺസൾട്ടേഷന് ലീഗൽ ആൻഡ് സൈക്കോളജിക്കൽ കൗൺസിലേഴ്സിന്റെയും സൈക്കോളജിസ്റ്റിന്റെയും സഹായം ഉണ്ടാകും. സ്വകാര്യത പുറത്ത് പോകാതിരിക്കാൻ കർശന നിർദേശം ഉണ്ട്.
സാങ്കേതികത
വീഡിയോ കൺസൾട്ടേഷൻ വഴിയായതിനാൽ, സൂം പോലുള്ള സുരക്ഷിത വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകളുള്ള അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്. കാമറയും മൈക്കും ഉപയോഗിച്ച് സ്മാർട്ട് ഫോൺ / ലാപ്‌ടോപ്പ് , ഡെസ്‌ക്‌ടോപ്പ് ഉപയോഗിച്ച് മീറ്റിംഗ് നടത്താം. ഈ സൗകര്യമില്ലാത്തവർക്ക് ഫോൺ വഴിയും സേവനം നടത്താം.
അപേക്ഷ ട്രാക്ക് ചെയ്യുന്നത്
രജിസ്ട്രേഷൻ നടക്കുമ്പോൾ തന്നെ പരാതിക്കാരിയ്ക്ക് എസ്.എം.എസും ഇമെയിൽ അറിയിപ്പും ലഭിക്കും . കൂടാതെ 48 മണിക്കൂറിനുള്ളിൽ വീഡിയോ കോൺഫറൻസ്, എസ്.എം.എസ് അപ്‌ഡേറ്റുകളും ലഭിക്കും.
"സ്ത്രീകളുടെ എല്ലാ പ്രശ്നത്തിനും ഇതിലൂടെ പരിഹാരം കാണാൻ സാധിക്കും. ജില്ലയിൽ 14 കൗൺസിലർമാർ ഉണ്ട്. കോളുകൾ തുടക്കമായത് കൊണ്ടാകാം കുറവാണ്. "
കെ.എസ് .ദേവിക
(എം.എസ്.കെ ജില്ലാ വനിതാ വെൽഫെയർ ഓഫീസർ )