
അടൂർ : അടരിന്റെ ഉൗരായ അടൂരിൽ ഇക്കുറി ആര് അങ്കം ജയിക്കും? മൂന്ന് മുന്നണികളും കച്ചമുറുക്കി കാത്തിരിക്കുകയാണ്. ഇടതു വലത് മുന്നണികളെ മാറിമാറി വരിക്കുന്നതായിരുന്നു മണ്ഡലത്തിന്റെ പൊതു സ്വഭാവമെങ്കിലും 1991 മുതൽ അതിന് മാറ്റംവന്നു. തുടർച്ചയായി നാല് തവണ ത്രിവർണ്ണപതാക പാറിയ മണ്ഡലം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി ചെങ്കൊടി കീഴിലാണ്.
കോട്ടയത്തുനിന്ന് എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് എന്നും ഭരണപക്ഷത്തിന് അനുകൂലമായി വിധിയെഴുതിവന്ന അടൂരിന്റെ ചരിത്രം തിരുത്തിയത്. തുടർച്ചയായി നാല് തവണ വിജയിച്ച തിരുവഞ്ചൂരിന് 2011-ൽ അടൂർ സംവരണമണ്ഡലമായതോടെ കോട്ടയത്തേക്ക് ചേക്കേറേണ്ടിവന്നു. ഒപ്പം മണ്ഡലത്തിന്റെ അതിർത്തിക്കും മാറ്റംവന്നു. അടൂർ മണ്ഡലത്തിൽ നിന്ന് ഏനാദിമംഗലം പഞ്ചായത്തിനെ കോന്നിയിലേക്ക് മാറ്റിയപ്പോൾ പകരം കോന്നിയുടെ ഭാഗമായ കൊടുമൺ പഞ്ചായത്തും ഇല്ലാതായ പന്തളം നിയോജക മണ്ഡലത്തിലെ പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമൺ പഞ്ചായത്തുകളും കൂട്ടിചേർക്കപ്പെട്ടു. പൊതുവേ ഇടത് ആഭിമുഖ്യം പുലർത്തിവരുന്ന ഇൗ പ്രദേശങ്ങൾ അടൂരിന്റെ ഭാഗമായതോടെ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി ചെങ്കൊടിയാണ് പാറുന്നത്. ഇടതുമുന്നണിയിൽ നിന്ന് മൂന്നാംതവണയും അങ്കത്തിനിറങ്ങുക സിറ്റിംഗ് എം.എൽ.എ ചിറ്റയം ഗോപകുമാർ തന്നെയാകും.
യു.ഡി.എഫിൽ ആര് സ്ഥാനാർത്ഥിയാകും എന്നകാര്യത്തിൽ ചിത്രം തെളിഞ്ഞിട്ടില്ല. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.ജി.കണ്ണന്റെ പേരാണ് കേൾക്കുന്നത്. ഒപ്പം മുൻമന്ത്രി പന്തളം സുധാകരന്റെ സഹോദരൻ പന്തളം പ്രതാപൻ, അടൂർ നഗരസഭയുടെ മുൻ ചെയർമാൻ ബാബു ദിവാകരൻ തുടങ്ങിയ പേരുകളുമുണ്ട്.
മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ അനന്തരവനും കുന്നത്തുനാട് എം.എൽ.എയുമായ വി.പി.സജിന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി. സുധീർ ആയിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി. 25,940 വോട്ടുകൾ അന്ന് സുധീറിന് ലഭിച്ചു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അടൂർ അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയത് ശ്രദ്ധേയമായി. സ്ഥാനാർത്ഥി ആരൊണെന്നത് സംബന്ധിച്ച വ്യക്ത ഇനിയുമായിട്ടില്ല.
പോരാട്ടത്തിന്റെ നാളുകൾ
1967
രാമലിംഗം (സി.പി.എെ) 25804
പി. രാഘവൻ (സ്വത) 12970
ജി.ബി.പിള്ള (കോൺഗ്രസ്) 12384
ഭൂരിപക്ഷം 12834
1970
തെങ്ങമം ബാലകൃഷ്ണൻ (സി.പി.ഐ) 23285
ദാമോദരൻ ഉണ്ണിത്താൻ (സി.പി.എം) 20005
ഭൂരിപക്ഷം 3280
1977
തെന്നല ബാലകൃഷ്ണപിള്ള (കോൺഗ്രസ്) 31214
മാത്യു മുതലാളി (കെ.സി.പി) 23826
ഭൂരിപക്ഷം 7388
1982
തെന്നല ബാലകൃഷ്ണപിള്ള (കോൺഗ്രസ്) 30911
സി.പി. കരുണാകരൻപിള്ള (സി.പി.എം) 29123
ഭൂരിപക്ഷം 1783
1987
ആർ. ഉണ്ണികൃഷ്ണപിള്ള (സി.പി.എം) 37990
തെന്നല ബാലകൃഷ്ണപിള്ള (കോൺഗ്രസ്) 36764
ഭൂരിപക്ഷം 1266
1991
തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്) 44147
ആർ. ഉണ്ണികൃഷ്ണപിള്ള (സി.പി.എം) 38380
ഭൂരിപക്ഷം 5767
1996
തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്) 47907
കെ.എൻ. ബാലഗോപാൽ (സി.പി.എം) 38706
ഭൂരിപക്ഷം 9201
2001
തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്) 53034
പള്ളിക്കൽ പ്രസന്നകുമാർ (ഇടതു സ്വത) 37694
ഭൂരിപക്ഷം 15340
2006
തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്) 53416
ഡി.കെ. ജോൺ (കേരള കോൺഗ്രസ്) 34952
ഭൂരിപക്ഷം 18464
2011
ചിറ്റയം ഗോപകുമാർ (സി.പി.ഐ) 63501
പന്തളം സുധാകരൻ (കോൺഗ്രസ്) 62894
ഭൂരിപക്ഷം 607
2016
ചിറ്റയം ഗോപകുമാർ (സി.പി.ഐ) 76034
കെ.കെ.ഷാജു (കോൺഗ്രസ്) 50574
ഭൂരിപക്ഷം 25460
2019 ലോക്‌സഭ
വീണാ ജോർജ് (സി.പി.എം) 53216
കെ.സുരേന്ദ്രൻ (ബി.ജെ.പി) 51260
ആന്റോ ആന്റണി (കോൺഗ്രസ്) 49280
ഭൂരിപക്ഷം 1956
2020 തദ്ദേശ തിരഞ്ഞെടുപ്പ് വോട്ട് നില
എൽ.ഡി.എഫ് 67158
യു.ഡി.എഫ് 55732
എൻ.ഡി.എ 36895
തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം
എൽ.ഡി.എഫ് : അടൂർ നഗരസഭ, ഏറത്ത്, ഏഴംകുളം, കടമ്പനാട്, പള്ളിക്കൽ, കൊടുമൺ, പന്തളം തെക്കേക്കര (പഞ്ചായത്തുകൾ)
യു. ഡി. എഫ് : തുമ്പമൺ പഞ്ചായത്ത്
ബി. ജെ. പി : പന്തളം നഗരസഭ