
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡി അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് യോഗങ്ങളും ചടങ്ങുകളും നടത്തുന്നതിന് ജില്ലയിൽ 10 സ്ഥലങ്ങളാണ് നിയോജക മണ്ഡല അടിസ്ഥാനത്തിൽ നിശ്ചയിച്ചിരിക്കുന്നത്.
തിരുവല്ല നിയോജക മണ്ഡലം: തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം, തിരുവല്ല മുനിസിപ്പൽ ഓപ്പൺ സ്റ്റേജ്.
റാന്നി മണ്ഡലം: റാന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ.
ആറന്മുള : പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഓപ്പൺ എയർ സ്റ്റേഡിയം, പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയം, ഇലന്തൂർ പഞ്ചായത്ത് സ്റ്റേഡിയം.
കോന്നി : കോന്നി മാർക്കറ്റ് ഗ്രൗണ്ട്, പ്രമാടം ഇൻഡോർ സ്റ്റേഡിയം.
അടൂർ : അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം, പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡ്.
നിലവിൽ ജില്ലയിൽ 80 വയസിന് മുകളിലുള്ള 38,696 പേരും, ഭിന്നശേഷിക്കാരായ 14,671 പേരും വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നു. ഭിന്നശേഷിക്കാരായിട്ടുള്ള ആളുകൾക്ക് ബൂത്തുകളിൽ വീൽചെയർ സംവിധാനം ഏർപ്പെടുത്തും. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വനമേഖലയിലുള്ളവർക്ക് വേണ്ടി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പ്രത്യേക ബോധവത്കരണ കാമ്പയിൻ ഇതിനോടകം തന്നെ നടത്തിയിട്ടുണ്ട്.
സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ്
80 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കൊവിഡ് രോഗികൾ, ക്വാറന്റൈനിലുള്ളവർ തുടങ്ങിയവർക്ക് വീടുകളിൽ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് എത്തിക്കും. വോട്ടർ പട്ടികയിൽ പേരുള്ള വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ബി.എൽ.ഒമാർ മുഖേന വീടുകളിൽ എത്തിച്ച് അവ പൂരിപ്പിച്ച് തിരികെ വാങ്ങും. അപേക്ഷകളുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പ്രത്യേകം പോളിംഗ് ഓഫീസർ മുഖേന വോട്ടർമാർക്ക് നൽകും. ജില്ലാ മെഡിക്കൽ ഓഫീസർ നൽകുന്ന പട്ടികയിൽ ഉൾപ്പെട്ട കൊവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിലുള്ളവർക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കും.
എ.ഡി.എം ഇ.മുഹമ്മദ് സഫീർ, അസിസ്റ്റന്റ് കളക്ടർ വി.ചെൽസാസിനി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.