തിരുവല്ല: അപകടം പതിയിരിക്കുന്ന കടപ്ര കീച്ചേരിവാൽ കടവിൽ ജാഗ്രതാ ബോർഡ് സ്ഥാപിച്ചു. പമ്പ- മണിമല നദികളുടെ സംഗമ സ്ഥലമായ കീച്ചേരിവാൽ കടവിൽ അഗ്നിശമന സേനയുടെയും കടപ്ര ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ബോർഡ് സ്ഥാപിച്ചത്. ഇരു നദികൾ സംഗമിക്കുന്ന ഇവിടെ ആഴംകൂടുതലാണ്. വിദൂരങ്ങളിൽ നിന്നുപോലും ഒട്ടേറെയാളുകൾ ഇവിടെയെത്തി സ്നാനം ചെയ്തു മടങ്ങുന്നത് പതിവാണ്. ഇതിനിടെയാണ് അപകടങ്ങളും സംഭവിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഇവിടെ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശിയായ 31 കാരന്റെ ജീവൻ പൊലിഞ്ഞത് കഴിഞ്ഞാഴ്ചയാണ്. സൂചനാ ബോർഡ് സ്ഥാപിച്ചത് കൂടാതെ ലൈഫ് ജാക്കറ്റ് അടക്കമുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ അഗ്നിശമന സേന തിരുവല്ല സ്റ്റേഷൻ ഓഫീസർ പി.ബി വേണുക്കുട്ടൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന് കൈമാറി. കർക്കിടക വാവ് ബലിതർപ്പണ ചടങ്ങിനായി നൂറുകണക്കിന് ആളുകൾ എത്തുന്ന കടവാണിത്. ഇതുകൂടാതെ സാധാരണ ദിവസങ്ങളിലും പിതൃതർപ്പണ ചടങ്ങുകൾക്കായി നിരവധി പേർ ഇവിടെ എത്താറുണ്ട്.