പെരുനാട് : ഗ്രാമ പഞ്ചായത്ത് അംഗം ബി.ജെ.പിയിലെ അരുൺ അനിരുദ്ധന് മർദ്ദനമേറ്റതിനെ തുടർന്ന് പെരുനാട്ടിൽ ബി.ജെ.പി-സി.പി.എം സംഘർഷാവസ്ഥ. ബി.ജെ.പി നേതൃത്വത്തിൽ ഹർത്താലും സി.പി.എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടന്നു. അരുണിനെ മർദ്ദിച്ചതിന് സി.പി.എം പ്രവർത്തകനെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നടപടിയെ സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ തടഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് . ഞായറാഴ്ച വൈകിട്ട് എരുവാറ്റുപുഴയിൽ വച്ചാണ് അരുണിന് മർദ്ദനമേറ്റത്. സി.പി.എം നടത്തിയ പ്രതിഷേധ യോഗത്തിനിടെ ബി.ജെ.പിയുടെ കൊ‌ടിതോരണങ്ങൾ പൊലീസ് നീക്കിയതിനെ ബി.ജെ.പി പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്.