പത്തനംതിട്ട: ലോക് ഡൗണിനെ തുടർന്ന് നിറുത്തിവച്ചിരുന്ന കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട - കൊല്ലം ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ പുനസ്ഥാപിച്ചതായി ഡി.ടി.ഒ സുധിൽ പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് രാത്രി എട്ട് വരെ കൊല്ലത്തേക്ക് സർവീസുണ്ടാകും. കൊല്ലത്ത് നിന്ന് രാത്രി 7.40വരെ പത്തനംതിട്ടയ്ക്കും സർവീസുണ്ടാകും. പത്തനംതിട്ട, കൊല്ലം ഡിപ്പോകളിൽ നിന്ന് ആറ് വീതം ബസുകളാണ് സർവീസ് നടത്തുന്നത്. ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നിട്ടും പത്തനംതിട്ടയിൽ നിന്ന് അടൂർ, കൊല്ലം റൂട്ടുകളിൽ ബസ് സർവീസ് ഇല്ലാതിരുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. രാത്രി ഏഴ് മണി കഴിഞ്ഞാൽ ബസില്ലാത്ത അവസ്ഥയെപ്പറ്റി ഗതാഗത മന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും യാത്രക്കാർ പരാതി നൽകിയിരുന്നു.