vote

ആറന്മുള: നിയമസഭ തിരഞ്ഞെടുപ്പിൽ പല വമ്പന്മാരും മുട്ടുകുത്തുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്ത ചരിത്രം ആറന്മുളയ്ക്കുണ്ട്. ആദ്യ അട്ടിമറി നടന്നത് 1965 ൽ ആണ്. തിരുകൊച്ചി സംസ്ഥാനത്ത് കോൺഗ്രസ് നേതാവ് പനമ്പള്ളി ഗോവിന്ദ മേനോനൊപ്പം തലയെടുപ്പ് ഉണ്ടായിരുന്ന കളത്തിൽ വേലായുധൻ നായർ കേരള കോൺഗ്രസ്സിലെ എൻ.ഭാസ്‌കരൻ നായരോട് പരാജയപ്പെട്ടതാണ് ആദ്യ സംഭവം.
1967ൽ സി.പി.എമ്മിലെ പി.എൻ.ചന്ദ്രസേനനോടും പരാജയപ്പെട്ടു. കളത്തിൽ വേലായുധൻ നായരുടെ രാഷ്ട്രീയ അസ്തമയവും ആറന്മുളയിലായിരുന്നു. 67 ലും 70 ലും വിജയിച്ച പി.എൻ.ചന്ദ്രസേനനെ 77 ലെ തിരഞ്ഞെടുപ്പിൽ മലർത്തിയടിച്ച കോൺഗ്രസിലെ എം.കെ. ഹേമചന്ദ്രൻ അന്നത്തെ എ.കെ.ആന്റണി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് സീറ്റ് ലഭിച്ചില്ല.
80, 82,87 തിരഞ്ഞെടുപ്പുകളിൽ വിജയിച്ച കോൺഗ്രസിലെ കെ.കെ. ശ്രീനിവാസൻ കെ.കരുണാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നെങ്കിലും 82 ലെ കരുണാകരൻ മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ലഭിച്ചില്ല. 1991ൽ വിജയിച്ച എൻ.ഡി.പി.യിലെ ആർ. രാമചന്ദ്രൻ നായർ അന്നത്തെ കരുണാകരൻ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്നിട്ടും കാലാവധി പൂർത്തിയാക്കാതെ മന്ത്രിസഭയിൽ നിന്ന് പുറത്തു പോകേണ്ടി വന്നു.
1996 ൽ കേരള രാഷ്ട്രീയം ഉറ്റുനോക്കിയ വമ്പൻ അട്ടിമറിക്കും ആറന്മുള സാക്ഷിയായി. സി.പി.എം വിട്ട് സി.എം.പി രൂപീകരിച്ച എം.വി. രാഘവൻ യു.ഡി.എഫിന്റെ കോട്ട എന്നവകാശപ്പെടുന്ന ആറന്മുളയിൽ 96 ൽ ഇടതു സ്വതന്ത്രനായ കവി കടമ്മനിട്ട രാമകൃഷ്ണനോട് ജീവിതത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
2001ൽ കെ. കരുണാകരനോട് ബലം പിടിച്ച് വാങ്ങി മൽസരിച്ച് വിജയിച്ച മാലേത്ത് സരളാദേവിയും കാലാവധി പൂർത്തിയാക്കിയില്ല. 2006 ൽ മണ്ഡലത്തിൽ റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിച്ച സി.പി.എമ്മിലെ കെ.സി. രാജഗോപാലിനു 2011ൽ കോൺഗ്രസ്സിലെ അഡ്വ. കെ. ശിവദാസൻ നായരോട് പരാജയപ്പെടേണ്ടി വന്നു. 2016ൽ സി.പി.എമ്മിലെ പുതുമുഖം വീണാ ജോർജിനോട് ശിവദാസൻ നായർ തോറ്റുമടങ്ങി.

ഇക്കുറി വീണാ ജോർജ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന കാര്യത്തിൽ സി.പി.എം തീരുമാനത്തിലെത്തി കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി. വോട്ടുകളിലെ വർദ്ധന ഇരു മുന്നണികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ബി.ജെ.പിയും സ്ഥാനാർത്ഥി തീരുമാനം തുറന്നു പറഞ്ഞിട്ടില്ല