പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര നാളെ രാവിലെ 9.30ന് കുറ്റൂരിൽ നിന്ന് ജില്ലയിലെ പ്രയാണം ആരംഭിക്കുമെന്ന് ജില്ലാപ്രസിഡന്റ് അശോകൻ കുളനട, ജനറൽസെക്രട്ടറി വി.എ.സൂരജ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലപ്രസിഡന്റ് അശോകൻ കുളനടയുടെ നേതൃത്വത്തിൽ യാത്രാനായകനേയും സംഘത്തേയും കുറ്റൂരിൽ സ്വീകരിക്കും. തുടർന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആദ്യ പൊതുപരിപാടി നടക്കുന്ന തിരുവല്ല മുനിസിപ്പൽ ബസ് സ്റ്റാന്റിന് സമീപത്തെ വേദിയിലേക്ക് ആനയിക്കും.

സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിജയയാത്ര പിന്നീട് റാന്നി മണ്ഡലത്തിലേക്ക് പോകും. രാവിലെ 11ന് ഇട്ടിയപ്പാറയിൽ നടക്കുന്ന സ്വീകരണസമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും. ആറൻമുള മണ്ഡലത്തിലെ സ്വീകരണം പത്തനംതിട്ടയിൽ ഉച്ചയ്ക്ക് മൂന്നിനാണ്. തുടർന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം ബി.ജെ.പി ദേശീയവക്താവ് മീനാക്ഷിലേഖി എം.പി ഉദ്ഘാടനം ചെയ്യും. പന്തളത്താണ്‌ അടൂർ മണ്ഡലത്തിലെ സ്വീകരണംഒരുക്കിയിരിക്കുന്നത്. പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് ഒരുക്കിയിരിക്കുന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിജയയാത്ര കോന്നിമണ്ഡലത്തിലേക്ക് തിരിക്കും. വൈകിട്ട് 5ന് കോന്നിമാർക്കറ്റ് ജംഗ്ഷനിൽ നടക്കുന്ന സമാപനസമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ അഞ്ചുമണ്ഡലങ്ങളിലും പ്രയാണം നടത്തുന്ന വിജയയാത്രക്കിടയിൽ ജില്ലയിലെ നിരവധി ആളുകൾ ബി.ജെ.പിയിൽ ചേരുമെന്ന് എന്ന് ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പറഞ്ഞു.