പത്തനംതിട്ട : കളക്ടറേറ്റിന് മുമ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി അംഗപരിമിതൻ. മണ്ണംതോട്ടത്തിൽ വീട്ടിൽ എം.കെ ബാബു രാജാണ് പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി നടത്തിയത്. 2017ൽ കൈവല്യ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിൽ സ്വയം തൊഴിൽ ചെയ്യുന്ന അംഗപരിമിതർക്ക് 50,000 രൂപ ലോൺ അനുവദിച്ചിരുന്നു. ഇതിനായി 200 രൂപ മുദ്ര പത്രത്തിൽ ബോണ്ടും കെട്ടിവപ്പിച്ചു. മൂന്ന് വർഷം കഴിഞ്ഞിട്ടും ലോൺ തുക നൽകിയില്ല. ഈ തുക ലഭിക്കുമെന്ന് പറഞ്ഞ് മറ്റ് പലരോടും രൂപ വാങ്ങുകയും കടക്കെണിയിലാകുകയും ചെയ്തതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ബാബു രാജ് പറഞ്ഞു. കളക്ടറിനടക്കം പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. സാന്ത്വന സ്പർശം അദാലത്തിലും പരാതി നൽകിയിരുന്നു. അന്ന് മന്ത്രി എ.കെ ശശീന്ദ്രൻ രണ്ട് ദിവസത്തിനുള്ളിൽ തുക നൽകണമെന്ന് എപ്ലോയിമെൻ്റ് അധികൃതരോട് പറഞ്ഞു. അതും ഫലം കണ്ടില്ല. ഭാര്യ പ്രീയക്കും മക്കളായ അനന്തുവിനും ലക്ഷ്മിയ്ക്കും ഏക ആശ്രയമാണ് ബാബുരാജ്. ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇനിയും സമരം തുടരുമെന്നാണ് ബാബുരാജ് പറയുന്നത്. ഇദ്ദേഹത്തോടൊപ്പം 37 പേർക്ക് സമാന അനുഭവമുണ്ടായിട്ടുണ്ട്. 80 ശതമാനത്തിലേറെ അംഗപരിമിതിയുള്ള ബാബു രാജ് ലോട്ടറി വിറ്റാണ് ജീവിക്കുന്നത്.