04-kolinchi

തണ്ണിത്തോട് : മലയോരത്ത് കോലിഞ്ചിയുടെ വിളവെടുപ്പ് കാലമാണിപ്പോൾ. തണ്ണിത്തോട്, തേക്കുതോട്, മണ്ണീറ, കൊക്കാത്തോട് മേഖലകളിൽ കർഷകർ വ്യാപകമായാണ് കോലിഞ്ചി കൃഷിയിലേർപ്പെട്ടിരിക്കുന്നത്. മലയോര ഗ്രാമങ്ങളിൽ കോലിഞ്ചി കിളച്ചെടുത്ത് ഉണക്കിയെടുക്കുന്ന തിരക്കിലാണ് കർഷകർ. കൃഷി ചെയ്ത് മൂന്നാം വർഷമാണ് വിളവെടുപ്പ്. ഫെബ്രുവരി, മാർച്ച് മാസങ്ങളാണ് വിളവെടുപ്പ് കാലം. കൃഷിയിറക്കാൻ ചെലവ് കുറവാണങ്കിലും കിളച്ച്
ഉണക്കി പാകപ്പെടുത്തി വിൽപ്പനയ്‌ക്കെത്തിക്കുമ്പോൾ ചെലവേറെ വരും. വേര് ചെത്തി പുറംതൊലി നീക്കിയ ശേഷമാണ് വിൽപ്പനയ്ക്ക് ഒരുക്കുന്നത്. കുറഞ്ഞത് 10 ദിവസമെങ്കിലും വെയിലിൽ ഉണക്കണം. മലയോര ഗ്രാമങ്ങളിൽ വനമേഖലയോടു ചേർന്ന പാറകളിലാണ് കർഷകർ കോലിഞ്ചി ഉണക്കാനിടുന്നത്. രൂക്ഷഗന്ധമുള്ളതിനാൽ കീടങ്ങളുടെയും വന്യമൃഗങ്ങളുടെയും ആക്രമണം ഉണ്ടാകുന്നില്ല.

മഴ തുടങ്ങി ജൂൺ, ജൂലായ് മാസങ്ങളിൽ കൃഷി തുടങ്ങും. ഒരു മീറ്റർ അകലത്തിൽ കുഴികളെടുത്താണ് വിത്തുകൾ നടുന്നത്. 7 അടി വരെ ഉയരം വയ്ക്കുകയും വേഗത്തിൽ പടരുകയും ചെയ്യുന്ന ഇഞ്ചിയുടെ വർഗത്തിൽപ്പെട്ട കാട്ടുചെടിയാണ് കോലിഞ്ചി. മലഞ്ചരക്ക് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

കർഷകർക്ക് സബ്‌സിഡി

സംസ്ഥാനത്ത് ആദ്യമായി കോലിഞ്ചി കർഷകർക്ക് സബ്‌സിഡി നൽകുന്നതിനുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഹെക്ടറിന് 21,500 രൂപയാണ് സബ്‌സിഡി ലഭിക്കുക. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്ക് കൂടുതൽ നേട്ടം എത്തിക്കുകയാണ് ലക്ഷ്യം. നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ്, സംസ്ഥാന ഹോൾട്ടികൾച്ചറൽ മിഷൻ എന്നിവയുടെ സഹായത്തോടെ ചിറ്റാറിൽ സംഭരണ വിതരണ കേന്ദ്രം തുടങ്ങിയിട്ടുണ്ട്.

1 കിലോയ്ക്ക് വില : 100 രൂപ

ഔഷധ നിർമ്മാണത്തിനും സുഗന്ധതൈല നിർമ്മാണത്തിനുമാണ് കോലിഞ്ചി പ്രധാനമായും ഉപയോഗിക്കുന്നത്.