അടൂർ: മണ്ണുമായി പോയ ടോറസ് ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന ടോറസ് ലോറിയിലെക്ക് ഇടിച്ചു കയറി . ലോറിക്കുള്ളിൽ കുടുങ്ങി പോയ ഡ്രൈവറെ രണ്ടര മണിക്കൂറോളം നീണ്ട കഠിനപരിശ്രമത്തിനൊടുവിൽ പുറത്തെടുത്ത് ആശു പത്രിയിൽ എത്തിച്ചു. ടോറസ് ലോറി ഡ്രൈവർ ചെങ്ങന്നൂർ വാഴാർമംഗലം വെട്ടുകാട്ടിൽ മനോജ് (34) നാണ് പരിക്കേറ്റത്. ഇയാളെ അടൂർ ജനറലാശുപത്രിയിൽ പ്ര വേശിപ്പിച്ചു. കായംകുളം - പുനലൂർ സംസ്ഥാന പാതയിൽ മരുതിമുട് ജംഗ്ഷനിൽ ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം. പുനലൂരിൽ നിന്ന് മണ്ണുമായി മാവേലിക്കരയിലേക്ക് പോയ ടോറസ് ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന ടോറസ് ലോറിയുടെ ഡ്രൈവർ ക്യാബിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. മണ്ണുമാന്തിയും ക്രയിനും ഉപയോഗിച്ച് ടോറസ് ലോറി നീക്കി ലോറിയിൽ കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്താൻ നടത്തിയ ആദ്യവട്ട ശ്രമം വിജയിച്ചില്ല. മണ്ണുമാന്തി ഉപയോഗി ച്ച് ടോറസിലെ പകുതി മണ്ണ് റോഡിൽ ഇറക്കിയിട്ടു. രണ്ട് ക്രയിനിന്റെയും മണ്ണുമാന്തിയുടേയും സഹായത്തോടെ ടോറസിന്റെ പിൻവശം വലിച്ചുനീക്കിയതോടെ ഇരു ടോറസുകളും വേർപെട്ടു. ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നി ശമന സേന ജീവനക്കാരും 108 ആംബുലൻസ് ജീവനക്കാരും ചേർന്ന് ആംബുലൻസിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം കെ.പി റോഡിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.