ചെങ്ങന്നൂർ: കിഫ്ബിയിലെ അഴിമതിയെകുറിച്ചുള്ള അന്വേഷണത്തെ പിണറായി സർക്കാർ ഭയപ്പെടുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ചെങ്ങന്നൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മടിയിൽ കനം ഇല്ലാത്തവന് വഴിയിൽ പേടിക്കേണ്ട എന്ന് പറഞ്ഞ പിണറായി, അഴിമതി അന്വേഷണത്തെ തടസപ്പെടുത്തുവാനാണ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ ഉദ്യോഗസ്ഥർക്ക് അന്വേഷണത്തിന് ഹാജരായി തെളിവു നൽകുവാൻ സാധിക്കില്ലെന്നാണ് പിണറായി പറയുന്നത്. തിരഞ്ഞെടുപ്പും തെളിവു നൽകലുമായി ബന്ധമൊന്നുമില്ല. നിയമവാഴ്ചയെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ലൈഫ് മിഷനെ കുറിച്ച് അന്വേഷണം വന്നപ്പോഴും അതിനെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. കുറ്റം ചെയ്തിട്ടില്ലെങ്കിൽ അന്വേഷണ ഏജൻസിക്ക് മുമ്പിൽ ഹാജരാകുന്നതിന് എന്തിന് മടിക്കണം. അഴിമതി നടത്തിയത് കൊണ്ടാണ് അന്വേഷണത്തെ പേടിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളെ ജാമ്യം നിറുത്തിയാണ് സർക്കാർ വായ്പ എടുത്തിരിക്കുന്നത്. ജനങ്ങൾക്ക് ബാദ്ധ്യത ഉണ്ടാക്കുന്ന കാര്യങ്ങൾക്ക് എന്തിനാണ് സർക്കാർ കൂട്ടു നിൽക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ, ഉദ്യോഗസ്ഥന്മാർ എന്നിവർക്ക് നേരെ കേസന്വേഷണം നീളുകയാണ്. കിഫ്ബി ഇടപാടിനെ കുറിച്ച് മുഖ്യമന്ത്രി ചർച്ചക്ക് തയാറാകണം. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ ബാലശങ്കർ സ്ഥാനാർത്ഥി ആകുമെന്നുള്ള പ്രചരണത്തെ പറ്റിയുള്ള ചോദ്യത്തിന് ഇത് സംബന്ധിച്ച് തീരുമാനം ആയില്ലായെന്ന് അദ്ദേഹം മറുപടി പറഞ്ഞു.