kaumudi
കേരളകൗമുദിയുടെ 110 -ാം ജന്മവാർഷിക സമ്മേളനം പത്തനംതിട്ടയിൽ മിസോറാം ഗവർണർ പി.എസ് .ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് മുന്നേറുന്ന കേരളകൗമുദി ഒരു വിസ്‌മയ പത്രമാണെന്ന് മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. കേരളകൗമുദിയുടെ 110 -ാം ജന്മവാർഷിക സമ്മേളനം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളകൗമുദി ഇല്ലായിരുന്നെങ്കിൽ ഉണ്ടാകുന്ന ശൂന്യത കേരളത്തെ എവിടെ എത്തിക്കുമായിരുന്നെന്ന് നാം ചിന്തിക്കേണ്ടതാണ്. ഇരുപതോളം പത്രങ്ങൾ മലയാളത്തിലുണ്ട്. അതിൽ മൂന്നോ നാലോ മാത്രമാണ് സ്വതന്ത്രമായ നിലയിൽ പ്രവർത്തിക്കുന്നത്. പ്രത്യേക ദൗത്യം ഏറ്റെടുത്ത് പ്രവർത്തിക്കുന്ന കേരളകൗമുദിയെ രാഷ്ട്രീയ, ചരിത്ര വിദ്യാർത്ഥികൾ പഠനവിധേയമാക്കണം. ഒഴുക്കിനൊപ്പം നീന്താൻ എല്ലാവർക്കും സാദ്ധ്യമാണ്. എന്നാൽ ഒട്ടേറെ വെല്ലുവിളികൾ ഏറ്റെടുത്ത് ഒഴുക്കിനെതിരെ നീന്തിയ പത്രമാണ് കേരളകൗമുദി.

പൊതുപ്രവർത്തകനായ സി.വി. കുഞ്ഞുരാമൻ നല്ല മാതൃകയാണ്. പത്രാധിപർ എന്ന പേരിൽ ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വമാണ് കെ. സുകുമാരൻ. സൂക്ഷമമായ നിരീക്ഷണങ്ങൾ കൊണ്ട് ഒട്ടേറെ ശത്രുക്കളെയും വെല്ലുവിളികളെയും നേരിട്ടു മുന്നേറിയ പ്രതിഭാധനൻ. എഡിറ്റോറിയൽ എഴുതിയതിന്റെ പേരിൽ പത്രാധിപർ അറസ്റ്റ് ചെയ്തു ജയിലടയ്ക്കപ്പെട്ടു. ഔദ്യോഗിക സംവിധാനങ്ങളിലെ ഏറ്റുവുമധികം പ്രശ്നങ്ങളെ നേരിട്ട പത്രവും കേരളകൗമുദിയാണ്.

അന്നും ഇന്നും ഉത്പന്ന വിലയേക്കാൾ കുറച്ചാണ് പത്രം വിൽക്കുന്നത്. പരസ്യങ്ങളാണ് അതിന് സഹായിക്കുന്നത്. കേരളകൗമുദിയെ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകേണ്ടത് വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും ദൗത്യമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

വാർഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിന്റെ പ്രകാശനവും ഗവർണർ നിർവഹിച്ചു. വീണാ ജോർജ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ആന്റോ ആന്റണി എം.പി പ്രതിഭകൾക്കും മുതിർന്ന ഏജന്റുമാർക്കും ഉപഹാരങ്ങൾ സമർപ്പിച്ചു.
എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ പ്രത്യേകപതിപ്പ് ഏറ്റുവാങ്ങി. പത്തനംതിട്ട നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ, യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട, കേരളകൗമുദി ജനറൽ മാനേജർ ഡി. ശ്രീസാഗർ, പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, ബ്യൂറോ ചീഫ് ബിജു മോഹൻ എന്നിവർ സംസാരിച്ചു.