
കോന്നി പഴയ കോന്നിയല്ല. 2016വരെ കോന്നിക്കാര്യം ആനക്കാര്യമല്ലായിരുന്നു. ഇപ്പോഴതല്ല സ്ഥിതി. കോന്നി എങ്ങോട്ടു പോകുമെന്ന് വലിയ ചർച്ചയാണ്. എതിരാളികളില്ലാത്ത തേരാളി എന്നായിരുന്നു അടൂർ പ്രകാശ് കോന്നിയുടെ എം.എൽ.എയായിരുന്ന കാലത്തിനെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴോ? പാളയത്തിൽത്തന്നെ എതിരാളികൾ. കഴിഞ്ഞ തവണ നടന്ന ഉപതിരഞ്ഞെടുപ്പിൽ അടൂർ പ്രകാശിന്റെ ആളിനെ വെട്ടി പി. മോഹൻരാജിനെ രംഗത്തിറക്കി ഡി.സി.സി പ്രകാശിനിട്ടൊരു പണി കൊടുത്തു. ഫലം വന്നപ്പോൾ ഡി.സി.സിയുടെ സ്ഥാനാർത്ഥിയെ കാലുവാരി തോൽപ്പിച്ചു വിട്ടു പ്രകാശിന്റെ ആളുകൾ.
ഇത്തവണ സ്ഥാനാർത്ഥി ചർച്ച തുടങ്ങിയപ്പോൾത്തന്നെ കോന്നി കോൺഗ്രസിൽ പൊട്ടിത്തെറി തുടങ്ങി. പ്രകാശിന്റെ ആളുകളും ഡി.സി.സിയുടെ ആളുകളും ചേരിതരിഞ്ഞു. അടൂർ പ്രകാശ് സ്വന്തം സ്ഥാനാർത്ഥിയായി റോബിൻ പീറ്ററെ പ്രഖ്യാപിച്ച് മുന്നോട്ടു കുതിച്ചു. കെ.പി.സി.സി സെക്രട്ടറി എൻ. ഷൈലാജിനെ തോളിലേറ്റി ഡി.സി.സിയും അതേ കുതിപ്പ് നടത്തി. ഇഞ്ചോടിഞ്ച് നീക്കത്തിലാണ് ഇരുപക്ഷവും. സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിച്ച അടൂർ പ്രകാശിനെതിരെ കെ.പി.സി.സിയിലും എ.െഎ.സി.സിയിലും പരാതികളെത്തി. പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുമ്പ് പാട്ടുംപാടി ജയിച്ചിരുന്ന കോന്നിയിലെ കാര്യം ഇപ്പോൾ കെ.പി.സി.സിക്കും എ.െഎ.സി.സിക്കും വലിയ തലവേദനയായി. സ്ഥാനാർത്ഥിയെ കെ.പി.സി.സി പ്രഖ്യാപിക്കുംവരെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരും.
കോൺഗ്രസിലെ കലാപം തങ്ങൾക്കു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. നിലവിലെ എം.എൽ.എ കെ.യു.ജനീഷ് കുമാർ തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റും ജനീഷിന്റെ പേര് നിർദേശിച്ചിരിക്കുകയാണ്. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയും ആർ.ടി.ഒാഫീസും പ്രവർത്തനം തുടങ്ങാനായാത് പ്രധാന രണ്ട് നേട്ടങ്ങളാണ്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും കെ.യു. ജനീഷ് കുമാറിന്റെ പേര് മാത്രമാണ് സംസ്ഥാന കമ്മറ്റിക്ക് അയച്ചിട്ടുള്ളത്.
ബി.ജെ.പിയുടെ എ ക്ളാസ് സീറ്റായ കോന്നിയിൽ ആരാകും സ്ഥാനാർത്ഥിയെന്ന് ഒരു സൂചനയുമില്ല. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കണമെന്ന നിലപാടിലാണ് കോന്നിയിലെ പ്രവർത്തകർ. മത്സരിക്കാനില്ലെന്ന് സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ നാൽപ്പതിനായിരത്തോളം വോട്ടുകൾ നേടിയതിനാൽ ഇക്കുറി പാർട്ടി വിജയ പ്രതീക്ഷയിലാണ്.
പോരാട്ടത്തിന്റെ നാളുകൾ
1970
പി.ജെ. തോമസ് (കോൺഗ്രസ്) 30027
ആർ.സി. ഉണ്ണിത്താൻ (സി.പി.എം) 23581
ഭൂരിപക്ഷം 6446
1977
പി.ജെ. തോമസ് (കോൺഗ്രസ്) 30714
ആർ.സി. ഉണ്ണിത്താൻ (സി.പി.എം) 30277
ഭൂരിപക്ഷം 437
1980
വി.എസ്. ചന്ദ്രശേഖരപിള്ള(സി.പി.എം) 33107
ജി.ഗോപിനാഥൻനായർ (ഐ.എൻ.സിയു) 31054
ഭൂരിപക്ഷം 2053
1982
വി.എസ്. ചന്ദ്രശേഖരപിള്ള (സി.പി.എം) 32744
പി.ജെ. തോമസ്(കോൺഗ്രസ്) 31430
ഭൂരിപക്ഷം 1314
1987
ചിറ്റൂർ ശശാങ്കൻനായർ (സ്വത) 40059
വി.എസ്.ചന്ദ്രശേഖരപിള്ള(സി.പി.എം) 37767
ഭൂരിപക്ഷം 2292
1991
എ. പദ്മകുമാർ (സി.പി.എം) 42531
സി.പി. രാമചന്ദ്രൻനായർ (സ്വത) 41615
ഭൂരിപക്ഷം 916
1996
അടൂർ പ്രകാശ് (കോൺഗ്രസ്) 43474
എ. പദ്മകുമാർ (സി.പി.എം) 42668
ഭൂരിപക്ഷം 806
2001
അടൂർ പ്രകാശ് (കോൺഗ്രസ്) 54312
കടമ്മനിട്ട രാമകൃഷ്ണൻ (സി.പി.എം) 40262
ഭൂരിപക്ഷം 14050
2006
അടൂർ പ്രകാശ്(കോൺഗ്രസ്) 51445
വി.ആർ. ശിവരാജൻ (സി.പി.എം) 36550
ഭൂരിപക്ഷം 14895
2011
അടൂർ പ്രകാശ് (കോൺഗ്രസ്) 65724
എം.എസ്. രാജേന്ദ്രൻ(സി.പി.എം) 57950
ഭൂരിപക്ഷം 7774
2016
അടൂർ പ്രകാശ് (കോൺഗ്രസ്) 72800
ആർ. സനൽകുമാർ (സി.പി.എം) 52052
ഭൂരിപക്ഷം 20748
2019 ഒക്ടോബർ ഉപതെരഞ്ഞെടുപ്പ്
കെ.യു. ജനീഷ് കുമാർ (സി.പി.എം) 54099
പി. മോഹൻരാജ്(കോൺഗ്രസ്) 44146
കെ. സുരേന്ദ്രൻ (ബി.ജെ.പി) 39786
ഭൂരിപക്ഷം 9953
2019 ലോക്‌സഭ
ആന്റോ ആന്റണി (കോൺഗ്രസ്) 49667
വീണാ ജോർജ് (സി.പി.എം) 46946
കെ.സുരേന്ദ്രൻ (ബി.ജെ.പി) 46506
ഭൂരിപക്ഷം 2721
2020 തദ്ദേശതെരഞ്ഞെടുപ്പ് വോട്ട് നില
യു.ഡി.എഫ് 50925
എൽ.ഡി.എഫ് 59426
എൻ.ഡി.എ 29237
തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം
എൽ.ഡി.എഫ്: സീതത്തോട്, ചിറ്റാർ, അരുവാപ്പുലം, കലഞ്ഞൂർ, ഏനാദിമംഗലം, പ്രമാടം, വള്ളിക്കോട്, മൈലപ്ര, മലയാലപ്പുഴ.
യു.ഡി.എഫ്: കോന്നി, തണ്ണിത്തോട്.