തിരുവല്ല: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് ജില്ലയിലേക്ക് ഊഷ്‌മള സ്വീകരണം നൽകി. കടുത്ത ചൂടിനെ അവഗണിച്ച് സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ജാഥയിലും സമ്മേളനത്തിലും പങ്കെടുത്തു. ചെങ്ങന്നൂരിൽ നിന്നും ജില്ലാ അതിർത്തിയായ കുറ്റൂരിലെ ആറാട്ടു കടവിൽ നിന്നും ജാഥയെ സ്വീകരിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ ബൈക്ക് റാലിയുടെ അകമ്പടിയോടെ തിരുവല്ല പട്ടണത്തിലെത്തിച്ചു. തുടർന്ന് എസ്‌.സി.എസ് ജംഗ്ഷനിൽ നിന്നും മഹിളാ മോർച്ചയുടെയും നിയോജകമണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ വാദ്യമേള ഘോഷങ്ങളുടെയും വള്ളപ്പാട്ടിന്റെയും അകമ്പടിയോടെ പബ്ലിക് സ്റ്റേഡിയത്തിനു സമീപത്തെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. വേദിയിലെത്തിയ ജാഥാ ക്യാപ്റ്റൻ കെ.സുരേന്ദ്രനെ വലിയ ഹാരങ്ങളും കിരീടവും തലപ്പാവും വാളും പരിചയും പൊന്നാടയും ഷാളുകളുമെല്ലാം നൽകി പ്രവർത്തകർ സ്വീകരിച്ചു. യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫിൽ നിന്നും പാർട്ടി വിട്ടുവന്ന ഒട്ടേറെപ്പേരെ കെ.സുരേന്ദ്രൻ ഷാളണിയിച്ച് ബി.ജെ.പിയിലേക്ക് സ്വീകരിച്ചു. സമ്മേളനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.എൻ.രാജൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.ടി. രമേശ്, ജി.രാമൻ നായർ, അശോകൻ കുളനട, അനൂപ് ആന്റണി,വിജയകുമാർ മണിപ്പുഴ, വി.എ.സൂരജ്, ഷാജി ആർ.നായർ, ജി.നരേഷ്, അരുൺപ്രകാശ്, പ്രസന്നൻ ജി, വർക്കി, സുരേഷ് എന്നിവർ പ്രസംഗിച്ചു.