പത്തനംതിട്ട : തിരഞ്ഞെടുപ്പ് ചൂടിനൊപ്പം ജില്ലയും ചുട്ടുപൊള്ളുകയാണ്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പ് കാലമായതിനാൽ പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ജാഗ്രത പുലർത്തണം. രാവിലെ 11 മുതൽ ഉച്ചക്കഴിഞ്ഞ് മൂന്നു വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. നേരിട്ടുള്ള സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ കുടയോ, തൊപ്പിയോ ഉപയോഗിക്കണം. ചൂട് കാലമായതിനാൽ ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും.

സൂര്യാഘാതം ലക്ഷണങ്ങൾ

വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസിക മാറ്റം, അബോധാവസ്ഥ, ക്ഷീണം, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക.

സൂര്യാഘാതവും സൂര്യാതപവും

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ശരീരത്തിലെ താപം പുറത്ത് കളയാൻ തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കും. ഇതാണ് സൂര്യാഘാതം.

കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. നേരിട്ട് വെയിൽ ഏൽക്കുന്നവരുടെ ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവർ ഉടനടി ചികിത്സ തേടണം. പൊള്ളലേൽക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകൾ പൊട്ടിക്കാൻ പാടില്ല.

പ്രതിരോധമാർഗങ്ങൾ

ധാരാളം വെള്ളം കുടിക്കുക (ശുദ്ധജലം)

വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ കുടിക്കുക. തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.

വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

"65 വയസിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ, ഗർഭിണികൾ എന്നിവർ ആരോഗ്യനില ശ്രദ്ധിക്കണം. ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടണം."

ഡോ.എ.എൽ ഷീജ

ജില്ലാ മെഡിക്കൽ ഓഫീസർ