തിരുവല്ല: ശ്രീവല്ലഭന്റെ ഇഷ്ടവഴിപാടായ കഥകളി നിത്യവും അരങ്ങേറുന്ന തിരുവല്ലയിൽ തിരഞ്ഞെടുപ്പിന്റെ അരങ്ങിൽ ആരൊക്കെ വേഷമിടും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോൾ തന്നെ കേളികൊട്ടി മുദ്രകൾ കാട്ടി പലരും ഉണ്ടെങ്കിലും രസാനുഭൂതി പകരാൻ തിരശ്ശീല ഇനിയും ഉയർന്നിട്ടില്ല.
അപ്പർകുട്ടനാടും മലയോരവും തമ്മിൽ ബന്ധിപ്പിക്കുന്ന നിയോജകമണ്ഡലമാണിത്. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ 11 പഞ്ചായത്തുകളും ഒരു നഗരസഭയും തിരുവല്ല നിയോജകമണ്ഡലത്തിൽ ഉൾപ്പെടും. തിരുവല്ല നഗരസഭയും നിരണം, കടപ്ര, മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. എൽ.ഡി.എഫിന് നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ, കുന്നന്താനം, പുറമറ്റം പഞ്ചായത്തുകളിൽ ഭരണമുണ്ട്. കവിയൂർ പഞ്ചായത്തിൽ ബി.ജെ.പിയാണ് ഭരിക്കുന്നത്. പാർലമെന്റിൽ യു.ഡി.എഫിനെയും നിയമസഭയിൽ എൽ.ഡി.എഫിനെയും പിന്തുണയ്ക്കുന്നതാണ് മണ്ഡലത്തിന്റെ പതിവ് രീതി. 2006 മുതൽ തുടർച്ചയായി വിജയിച്ച് മണ്ഡലം കാത്തുസൂക്ഷിക്കുന്ന മാത്യു ടി. തോമസ് ഇത്തവണയും പോരിനിറങ്ങും. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ചുവരെഴുത്തും തുടങ്ങി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 8262 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാത്യു ടി. തോമസ് വിജയിച്ചത്. യു.ഡി.എഫിൽ പതിവായി കേരള കോൺഗ്രസിന് നൽകിയിരുന്ന സീറ്റ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ പി.ജെ. ജോസഫ് വിഭാഗം സീറ്റിനായി ശക്തമായ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. പ്രൊഫ. പി.ജെ. കുര്യൻ മത്സരിക്കുന്നില്ലെന്ന നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിനാണ് സാദ്ധ്യത. ജോസഫ് വിഭാഗത്തിലെ കുഞ്ഞുകോശി പോൾ മത്സരിക്കാനുള്ള പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. സാം ഇൗപ്പൻ, വർഗീസ് മാമ്മൻ എന്നീ പേരുകളും കേരള കോൺഗ്രസ് ക്യാമ്പുകളിൽ ഉയരുന്നുണ്ട്. സംസ്ഥാനതലത്തിൽ നടക്കുന്ന സീറ്റ് ചർച്ചകളുടെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം. എൻ.ഡി.എ കഴിഞ്ഞതവണ ബി.ഡി.ജെ.എസിലെ അക്കീരമൺ കാളിദാസ ഭട്ടതിരിയെ മത്സരിപ്പിച്ച് 31,439 വോട്ടുകൾ നേടി ശക്തി തെളിയിച്ചിരുന്നു. ഇത്തവണ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ സ്ഥാനാർത്ഥി ആക്കാനുള്ള നീക്കങ്ങൾ എൻ.ഡി.എ തുടങ്ങിയിട്ടുണ്ട്. സീറ്റ് ചർച്ചകളിലെ അവസാന കരുനീക്കങ്ങളിലൂടെ അരങ്ങിലെ ചിത്രങ്ങൾ മാറിമറിയാനും സാദ്ധ്യതയുണ്ട്.