പത്തനംതിട്ട: കടമ്മനിട്ട അന്ത്യാളൻകാവ് ശാലേം മാർത്തോമ്മാ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ കൂദാശ നാളെ നടക്കും. 1952ൽ സ്ഥാപിതമായ ഇടവകയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് പുതിയ ദേവാലയം നിർമിച്ചിരിക്കുന്നതെന്ന് ഇടവക വികാരി റവ. ജോജി ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ വൈകിട്ട് 5ന് കൂദാശയ്ക്ക് തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ മുഖ്യകാർമികത്വം വഹിക്കും. സമ്മേളനം ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ജൂബിലി സന്ദേശവും സി.എസ്‌.ഐ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ മുഖ്യപ്രഭാഷണവും നടത്തും. ബിഷപ് ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത സുവനീർ ഡയറക്ടറി പ്രകാശനവും നിർവഹിക്കും. സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ്, ഭദ്രാസന സെക്രട്ടറി റവ.പി.എ.ഏബ്രഹാം, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ രാജു ഏബ്രഹാം, കെ. യു. ജനീഷ് കുമാർ, വീണാ ജോർജ് തുടങ്ങിയവർ സംസാരിക്കും.

ഭാരവാഹികളായ നിഖിൽ ജോൺ, സി.എം തോമസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.