മല്ലപ്പള്ളി: അടുത്ത അഞ്ച് വർഷം മല്ലപ്പള്ളി താലൂക്കിന്റെ വികസനം എങ്ങനെ ആയിരിക്കണമെന്ന പ്രതീക്ഷകൾ പങ്ക് വയ്ക്കുന്ന 'മല്ലപ്പള്ളി @ ട്വന്റി 25' പരിപാടി നാളെ നടക്കും.മല്ലപ്പള്ളി-കോട്ടയം റോഡിൽ സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് പള്ളി ഹാളിൽ രാവിലെ 10ന് ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. എം.എൽ.എ.മാരായ രാജു ഏബ്രഹാം, മാത്യു ടി.തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ തുടങ്ങിയവർ പങ്കെടുക്കും. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ വിശിഷ്ടാതിഥിയായിരിക്കും. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ ക്ലാസെടുക്കും. താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി 145 ജനപ്രതിനിധികൾ പങ്കെടുക്കും. സെമിനാർ, പഞ്ചായത്തുകളുടെ വികസന പ്രതീക്ഷകൾ അതാതിടത്തെ പ്രസിഡന്റുമാരും അംഗങ്ങളും ചേർന്ന് വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം, അംഗങ്ങളുടെയും താലൂക്കിലെ പ്രധാന ഓഫീസുകളുടെയും വിവരങ്ങളടങ്ങുന്ന ഡയറക്ടറിയുടെ പ്രകാശനം തുടങ്ങിയവ നടക്കും. വാർഡുകളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട പദ്ധതികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഫയൽ എം.പി. എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർക്ക് സമർപ്പിക്കും. ജനപ്രതിനിധിയായി കാൽ നൂറ്റാണ്ടിലധികം സേവനമനുഷ്ഠിച്ചവരെ ചടങ്ങിൽ ആദരിക്കും. മല്ലപ്പള്ളി താലൂക്കിലെ എട്ട് പഞ്ചായത്തുകളിൽ നിന്നും മല്ലപ്പള്ളി, കോയിപ്രം ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നുമുള്ള മെമ്പർമാർ പങ്കെടുക്കും. മല്ലപ്പള്ളിയിലെ മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മല്ലപ്പള്ളി പ്രസ്ക്ലബും ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയും ചേർന്നാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.