05-surendran-at-pdm
വിജയ യാത്രയ്ക്ക് പന്തളത്തു നല്കിയ സ്വീകരണത്തിൽ കെ. സുരേന്ദ്രൻ സംസാരിക്കുന്നു

പന്തളം: കേരളത്തിൽ ജനങ്ങൾക്കിടയിലെ സൗഹാർദ്ദം തകർക്കാൻ മതമൗലികവാദികൾ ശ്രമിക്കുന്നതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. വിജയ യാത്രയ്ക്ക് പന്തളത്തു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമൗലിക ശക്തികളാണ് ഇടതു വലതു മുന്നണികളെ നയിക്കുന്നത്. ലൗ ജിഹാദ് സംഘങ്ങൾ ഹിന്ദു, കൃസ്ത്യൻ പെൺകുട്ടികളെ മതം മാറ്റി സിറിയയിലേക്കും മറ്റും കടത്തുന്നു. ഇത്തരം സംഘങ്ങൾ സംസ്ഥാനത്ത് ശക്തമായിട്ടും ഇരുമുന്നണികളും അതു തടയാൻ ശ്രമിക്കുന്നില്ല. അതിൽ നിന്നും കേരളത്തെ മോചിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്രം നല്കുന്ന പദ്ധതികളൊന്നും സംസ്ഥാനത്തു നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എംൽ നിന്നും കോൺഗ്രസിൽ നിന്നും എത്തിയവരെ അദ്ദേഹം പാർട്ടിയിലേക്കു സ്വീകരിച്ചു. പത്തനംതിട്ടയിൽ നിന്നെത്തിയ സുരേന്ദ്രനെ കുളനടയിൽ നിന്നും ഇരുചക്രവാഹനങ്ങളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ആനയിച്ച് പന്തളത്തെ സമ്മേളന വേദിയിലെത്തിച്ചു. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ, സെക്രട്ടറി നാരായണ വർമ്മ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ചയും വലിയ കോയിക്കൽക്ഷേത്ര ദർശനവും നടത്തിയതിനു ശേഷമാണ് സുരേന്ദ്രൻ സമ്മേളന വേദിയിലെത്തിയത്. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ്, സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, സംസ്ഥാന സമിതിയംഗങ്ങളായ രാജൻ പെരുമ്പക്കാട്, ടി.ആർ.അജിത് കുമാർ, ജില്ലാ അദ്ധ്യക്ഷൻ അശോകൻ കുളനട, ഉപാദ്ധ്യക്ഷൻ എം.ജി.കൃഷ്ണകുമാർ, ജന.സെക്രട്ടറി ഷാജി ആർ.നായർ, പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ്, മണ്ഡലം ജന.സെക്രട്ടറിമാരായ എം.ബി.ബിനുകുമാർ, രാജേഷ് തെങ്ങമം എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി ബി.ജെ.പി സാംസ്‌കാരിക സെൽ നാടൻപാട്ടും ആക്ഷേപഹാസ്യ പരിപാടിയും അവതരിപ്പിച്ചു.