കോട്ടയം: ചെങ്ങന്നൂരിലെ കല്ലിശേരിയിൽ ആരംഭിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഡോ.കെ.എം.ചെറിയാൻ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ഉദ്ഘാടനം എട്ടിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിവർഹിക്കും. മന്ത്രി എ.സി.മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, സജി.ചെറിയാൻ എം.എൽ.എ, സി.പി.എം സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ്,​ കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി.രാജമാണിക്യം എന്നിവർ പങ്കെടുക്കും. ഗ്രാമീണമേഖലയിൽ മിതമായ നിരക്കിൽ അത്യന്താധുനിക ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു. കല്ലിശേരിയിൽ 5.5 ഏക്കറിലാണ് പ്രവർത്തനം. രാജ്യത്തെ പ്രമുഖ ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.കെ.എം.ചെറിയാനാണ് മെഡിക്കൽ വിഭാഗത്തെ നയിക്കുന്നത്. ജനറൽ മെഡിസിൻ,​ പീഡിയാട്രിക്സ്,​ ഗൈനക്കോളജി,​ ഏമർജൻസി,​ ട്രോമാ കെയർ എന്നിവയ്ക്ക് പുറമേ കാർഡിയോളജി,​ ന്യൂറോളജി,​ ഓർത്തോപീഡിക്സ്,​ ഗ്യാസ്ട്രോ എൻട്രോളജി,​ നെഫ്രോളജി,​ യൂറോളജി തുടങ്ങിയ വിഭാഗങ്ങളിൽ പ്രമുഖ സ്ഥാനം കൈവരിക്കുകയാണ് ലക്ഷ്യമെന്നും ഡോ.കെ.എം.ചെറിയാൻ,​ വൈസ് ചെയർമാൻ സിബിൻ സെബാസ്റ്റ്യൻ,​ എം.ഡി ഫാ.അലക്സാണ്ടർ കൂടാരത്തിൽ,​ ഡയറക്ടർ അഡ്വ.എൻ.സി.ജോസഫ് എന്നിവർ പറഞ്ഞു.