തിരുവല്ല: നഗരസഭയിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാത്തതിലും തെഴിലുറപ്പ് ജോലികൾ നിറുത്തിവയ്ക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ചും എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ നഗരസഭാ കവാടത്തിൽ സമരം നടത്തി. നഗരസഭയിൽ 40 ശുചീകരണ ജീവനക്കാർ മാത്രമേയുള്ളു. തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ചാണ് റോഡ് വൃത്തിയാക്കിയിരുന്നത്. കൂടാതെ ബി.പി.എൽ കുടുംബത്തിൽപ്പെട്ടവർക്ക് അതൊരു വരുമാനവുമായിരുന്നു. പെട്ടന്ന് അതു നിറുത്തി. റോഡ് നിർമാണം പകുതി പോലും നടന്നിട്ടില്ല. ഇങ്ങനെ പോയാൽ 70 ശതമാനം പദ്ധതി കൾ പോലും പൂർത്തിയാകില്ല. മാർച്ച് തീരുമ്പോൾ പദ്ധതി നിർവഹണത്തിൽ തിരുവല്ല മുനിസിപ്പാലിറ്റി വളരെ പിന്നിലായിരിക്കുമെന്നും എൽ.ഡി.എഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി. അഡ്വ.പ്രദീപ് മാമ്മന്റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ കൗൺസിലർമാർ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധ ധർണ നടത്തി. കൗൺസിലർ വിജയൻ തലവനയുടെ അദ്ധ്യക്ഷതയിൽ നടന്ന ധർണ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ശ്രീനിവാസ് പുറയാറ്റ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ വിമൽ ജി, മിനി പ്രസാദ്, രാഹുൽ ബിജു, പൂജ ജയൻ എന്നിവർ പ്രസംഗിച്ചു.