പത്തനംതിട്ട : ചൈൽഡ്‌ ‍വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ എസ്. ദീപയെ വയലത്തല ബാലമന്ദിരത്തിലെ ഓഫീസിൽ വച്ച് കമ്മിറ്റിയംഗം ബിജു മുഹമ്മദ് ആക്രമിച്ചതായി പരാതി. കൈയ്ക്കും നടുവിനും പരിക്കേറ്റ ദീപയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. പോക്സോ കേസുമായി ബന്ധപ്പെട്ട ഫയൽ അയയ്ക്കാൻ ഓഫീസിലെത്തിയതാണ് താനെന്ന് ദീപ പറഞ്ഞു. ഇന്ന് ഉന്നത ഓഫിസറുടെ പരിശോധനയുള്ളതിനാൽ ഫയൽ കൃത്യമാണോയെന്ന് നോക്കാൻ അലമാര തുറക്കാൻ ശ്രമിച്ചതാണ് സംഭവത്തിന്റെ തുടക്കം. അലമാരയുടെ താക്കോൽ എവിടെയെന്ന് ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞ് അടിക്കുകയായിരുന്നെന്നാണ് പരാതി. സാരിയിൽ പിടിച്ച് വലിച്ചപ്പോൾ കുതറി ഓടി നിലത്ത് വീണു. ബഹളം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും ബിജു രക്ഷപ്പെട്ടു. റാന്നി പൊലീസ് ആശുപത്രിയിലെത്തി ദീപയുടെ മൊഴിയെടുത്തു. മുമ്പ് ജൂവനൈൽ ബോർഡിൽ അംഗമായിരുന്ന ബിജുവിനെ ജില്ലാ ജഡ്ജിയുടെ മുഖത്ത് പേപ്പർ വലിച്ചെറിഞ്ഞതിന് ബോർഡിൽ നിന്ന് പുറത്താക്കിയതാണെന്ന് ദീപ പറഞ്ഞു. ഒന്നര വർഷമായി ബിജു സി.ഡബ്യൂ. സി കമ്മിറ്റി അംഗമാണ് .