
പത്തനംതിട്ട : കൊവിഡ് വാക്സിൻ കേന്ദ്രങ്ങൾ ഇന്റർനെറ്റ് തകരാറുമൂലം നിശ്ചലമാകുന്നത് വാക്സിൻ വിതരണത്തെ കാര്യമായി ബാധിച്ചു. ചിലയിടങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ തങ്ങളുടെ മൊബൈൽ ഫോണിലെ നെറ്റ് കണക്ഷൻ ഉപയോഗിച്ചാണ് വാക്‌സിൻ എടുക്കാൻ എത്തുന്നവരുടെ പേര് രജിസ്റ്റർ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ഫോണിലെ ഇന്റർനെറ്റ് അതിവേഗം തീരും. ഉച്ചയോടെ പലരുടെയും നെറ്റ് തീരുന്നത് വാക്സിൻ വിതരണം തടസപ്പെടാൻ കാരണമായി.
ഓൺലൈനായി രജിസ്റ്റർ ചെയ്‌തെങ്കിൽ മാത്രമേ കൊവിഡ് വാക്‌സിൻ സ്വീകരിക്കാനാകൂ. രജിസ്റ്റർ ചെയ്യുമ്പോൾ പലപ്പോഴും വാക്സിൻ വിതരണ കേന്ദ്രത്തിൽ എത്തേണ്ട സമയം ലഭിക്കാറില്ല. ഇത്തരത്തിൽ രജിസ്റ്റർ ചെയ്തവർ അറിയിപ്പ് ലഭിക്കാതെ വാക്‌സിൻ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്.
വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ ചിലയിടങ്ങളിൽ മാത്രമേ വൈഫൈ സംവിധാനം ഉള്ളു. വൈഫൈ സംവിധാനം ഏർപ്പെടുത്തിയെങ്കിൽ മാത്രമേ കുത്തിവയ്പ്പിനെത്തുന്ന ആളുകൾ കൂടുതൽ സമയം കാത്തു നിൽക്കുന്നത് ഒഴിവാക്കാൻ സാധിക്കു. ഇതിനിടെ ഓൺലൈൻ രജിസ്‌ട്രേഷൻ നടക്കാതെ പോകുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.
നാൽപ്പതും അറുപതും കഴിഞ്ഞവർക്കാണ് ഇപ്പോൾ വാക്സിൻ എടുക്കുന്നത്. കൃത്യസമയത്ത് വാക്സിൻ നൽകാതെ തിരക്കുണ്ടായാൽ കൊവിഡ് വ്യാപനത്തിനും കാരണമാകും. വാക്സിൻ രജിസ്റ്റർ ചെയ്യാൻ ഇന്ത്യ മുഴുവൻ ഒരു സൈറ്റാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സൈറ്റ് ഇടയ്ക്ക് ബ്ലോക്കാവുന്നുമുണ്ട്.
" ചിലകേന്ദ്രങ്ങളിൽ നെറ്റ് വേഗത കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരുപോലെ എല്ലാവരും ഉപയോഗിക്കുന്നത് കൊണ്ടാണത്. വേഗത കൂട്ടാനുള്ള സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. വലിയ പ്രതിസന്ധി ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. "
ഡോ.എ.എൽ ഷീജ
(ഡി.എം.ഒ)