dmo
(ഡി.എം.ഒ ഡോ.എ.എൽ.ഷീജ

പത്തനംതിട്ട : ജില്ലയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം ആകുകയാണ്. വീട്ടിലിരുന്നും മാസ്ക്ക് അണിഞ്ഞും പ്രതിരോധത്തിന്റെ പടച്ചട്ടയണിഞ്ഞ നാളുകൾ. കേട്ടുകേൾവി പോലും ഇല്ലാതിരുന്ന രോഗത്തെ വരുതിയിലാക്കാൻ ഉറക്കമില്ലാതെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പൊരുതി നിന്നപ്പോൾ അതിജീവനത്തിന്റെ മറ്റൊരു ചരിത്രമാണ് പിറവികൊണ്ടത്. കെടുതിയുടെ നാളുകളിൽ ആരോഗ്യമേഖലയെ കരുത്തോടെ നയിച്ച പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ മനസുതുറക്കുന്നു.

മാർച്ച് 6, ആ ദിവസം മറക്കാനാവില്ല

ജനുവരിയിൽ മൂന്ന് കൊവിഡ് കേസ് സ്ഥിരീകരിച്ചതോടെ സംശയം തോന്നുന്ന കേസുകൾ റിപ്പോർട്ട് ചെയ്യാനും നിരീക്ഷണത്തിലാക്കാനും പി.എച്ച്.സി മുതലുള്ള എല്ലാ ആശുപത്രികൾക്കും നിർദേശം നൽകി. തുടക്കം തന്നെ വൈറസ് നമ്മളെ വലിയ രീതിയിൽ ബാധിക്കുമെന്നൊരു ആശങ്ക മെഡിക്കൽ ഓഫീസർമാർ പങ്കുവച്ചിരുന്നു. അതനുസരിച്ച് ടെസ്റ്റ് ചെയ്യാനുള്ള അനുമതി നൽകി.

റാന്നി പഴവങ്ങാടിയിൽ നിരവധി പ്രവാസികൾ ഉള്ളതിനാൽ വിവരശേഖരണം നടത്താൻ റാന്നിയിലേക്ക് പോകുമ്പോഴാണ് റാന്നി താലൂക്ക് ആശുപത്രിയിൽ ചെറിയൊരു സംശയമുണ്ടെന്ന് ഫോൺ വരുന്നത്. സ്രവം പരിശോധിച്ചപ്പോൾ രോഗവാഹകരെ കണ്ടെത്തി.

മാർച്ച് 7, പ്രതിരോധം തുടങ്ങുന്നു

വൈകിട്ട് 3.30ന് ഇറ്റലിയിൽ നിന്നെത്തിയവരുടെ പരിശോധനാ ഫലം പോസിറ്റീവ് ആകുന്നത്. കളക്ടർ അവാർഡ് ദാനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത്. വീട്ടിലേക്ക് മടങ്ങും വഴിയാണ് അദ്ദേഹം വിവരം അറിയുന്നത്. അവരെ ക്വാറന്റൈനിലാക്കി. രാത്രി 12 മണിക്ക് എല്ലാ ഉദ്യോഗസ്ഥരും മന്ത്രിയുമായി മീറ്റിംഗ് രാവിലെ രണ്ട് മണി വരെ തുടർന്നു. എട്ടിന് റാന്നി മുഴുവൻ ഭീതിയിലായി. ഇറ്റലി കുടുംബം ബന്ധപ്പെട്ട സ്ഥലങ്ങൾ കണ്ടെത്തി ആളുകളെ ക്വാറന്റൈയിൻ ചെയ്തു. ഉറക്കമില്ലാത്ത അവധിയില്ലാത്ത നാളുകൾ ആയിരുന്നു പിന്നീട്.

കൂടെനിന്ന സഹപ്രവർത്തകർ

ആദ്യം ജോലി ചെയ്യാൻ പലരും വിസമ്മതിച്ചെങ്കിലും പിന്നീട് എല്ലാവരും കൂടെ നിന്നു. ഗർഭിണികളും ശാരീരിക ബുദ്ധിമുട്ടുകളുള്ളവരും മാസങ്ങൾ പ്രായമുള്ള കുഞ്ഞുള്ളവരും തുടങ്ങി എല്ലാവരെയും അവധി ഒഴിവാക്കി തിരികെ വിളിക്കേണ്ടിവന്നു. എല്ലാവരും കൂടെനിന്നു. മറ്റ് ജില്ലകളിൽ നിന്ന് പുതിയ ടീമുകൾ എത്തി. എല്ലാവരും സഹകരിച്ചു.

ആരോപണങ്ങൾ

കൊവിഡ് പ്രവർത്തനത്തിനിടെ നിരവധി ആരോപണങ്ങൾ നേരിട്ടു. കൊവിഡ് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വകുപ്പ് മുഴുവൻ പ്രതി സ്ഥാനത്തായി. കൊവിഡിനെ പേടിച്ച് നിന്നിരുന്ന സമയത്ത് നടന്ന സംഭവം വലിയൊരു ഞെട്ടലുണ്ടാക്കിയിരുന്നു. പിന്നീട് വിവിധ ആരോപണങ്ങൾ വന്നും പോയും ഇരുന്നെങ്കിലും എല്ലാത്തിനെയും ഒറ്റക്കെട്ടായി നേരിട്ടു.

വലിയ വെല്ലുവിളി

ശബരിമല തീർത്ഥാടനവും തിരഞ്ഞെടുപ്പും ഒരുമിച്ച് വന്ന സമയം വലിയ വെല്ലുവിളി നേരിട്ടിരുന്നു. കൊവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സമയം കൂടി ആയിരുന്നു അത്. ജീവനക്കാരുടെ കുറവും ഉണ്ടായിരുന്നു. പക്ഷെ പ്രതീക്ഷിച്ച അത്രയും പരിക്കേൽക്കാതെ ആ ദിവസങ്ങൾ പിന്നിട്ടു. ഇപ്പോൾ അറുപത് കഴിഞ്ഞവർക്ക് വാക്സിൻ നൽകുന്നത് വലിയ വെല്ലുവിളിയായി തോന്നുന്നുണ്ട്. അവരെ പുറത്തേക്കിറക്കാതെ സംരക്ഷിക്കുകയായിരുന്നു ഇതുവരെ. പെട്ടന്ന് പുറത്തേക്ക് വരുമ്പോൾ അതും ജനത്തിരക്കിലേക്ക് വരുമ്പോൾ ചെറിയ പേടിയുണ്ട്. പക്ഷെ അവർ ഓൺലൈൻ പോർട്ടിൽ രജിസ്റ്രർ ചെയ്ത് അറിയിക്കുമ്പോൾ ആശുപത്രിയിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്.

സർവീസിൽ 25-ാം വർഷം

സർവീസിലെത്തിയിട്ട് ഇരുപത്തഞ്ച് വർഷമായി. സുനാമി സമയമാണ് ഇതിന് മുമ്പ് ഏറ്റവും ബുദ്ധിമുട്ടിയ സമയം. മൂന്ന് വർഷമായി പത്തനംതിട്ടയിലെത്തിയിട്ട്.

കുടുംബം

ഏറ്റവും വലിയ പിന്തുണ കുടുംബമാണ്. കൊല്ലത്താണ് സ്വദേശം. ഭർത്താവ് ഡോ.അശോക് ശങ്കർ, മക്കൾ : ആശ, അഖിൽ.