
പത്തനംതിട്ട: എൽ.ഡി.എഫിന് തുടർഭരണം ഉറപ്പെന്ന് രാജു ഏബ്രഹാം എം.എൽ.എ. സർവ മേഖലയിലും പരാജയപ്പെട്ട സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്. ജനങ്ങളെ സമീപിക്കാൻ പോലും കെല്പില്ലാത്ത അവസ്ഥയിലാണ് ഇടതു, വലതു മുന്നണികളെന്ന് ബി.ജെ.പി ദക്ഷിണമേഖല ജനറൽ സെക്രട്ടറി ഷാജി നായർ.
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട പ്രസ് ക്ലബിന്റെ ജനവിധി 2021നു തുടക്കം കുറിച്ചു നടന്ന സംവാദം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു നേതാക്കൾ. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യൻ സംസാരിച്ചു.
കേന്ദ്ര ഏജൻസിയെ പ്രചാരകരാക്കുന്നു:
രാജു ഏബ്രഹാം
സംസ്ഥാന സർക്കാരിനുമേൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അനാവശ്യ ഇടപെടലുകൾ ജനാധിപത്യത്തിന്റെ കറുത്ത അദ്ധ്യായമാണെന്ന് രാജു ഏബ്രഹാം വിശദീകരിച്ചു. അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന നിർഭാഗ്യകരമായ സംഭവങ്ങളാണിത്.
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയത്. ജനങ്ങൾ എൽ.ഡി.എഫിനൊപ്പമെന്നു മനസിലാക്കിയ യു.ഡി.എഫും ബി.ജെ.പിയും കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണ്.
ക്രമസമാധാനം ഉൾപ്പെടെ ഒമ്പതു കാര്യങ്ങളിൽ കേരളം മുന്നിലാണ്. വികസനരംഗത്തു വൻമുന്നേറ്റമാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിലുണ്ടായത്. പൊതുസാഹചര്യം ഏറെ മെച്ചപ്പെട്ടു. റോഡുകൾ വികസിച്ചു. കൂടംകളം പവർഹൈവേ, ശബരിമല വിമാനത്താവളം തുടങ്ങിയവ വൻ നേട്ടങ്ങളാണ്. ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് റാന്നി സീറ്റ് നൽകിയത് സ്വാഭാവിക നടപടിയാണ്. രണ്ടു ടേം പൂർത്തീകരിച്ച താനുൾപ്പെടെ 23 പേരെ സി.പി.എം ഇത്തവണ മത്സരരരംഗത്തു നിന്ന് മാറ്റി .
നടന്നത് അഴിമതി : ബാബു ജോർജ്
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എൽ.ഡി.എഫ് അവകാശപ്പെടുന്ന വികസന പദ്ധതികൾ ഏറെയും തൊട്ടുമുമ്പുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ സംഭാവനകളാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്. എൽ.ഡി.എഫായി തുടങ്ങിയതെല്ലാം അഴിമതികളായി. സ്വർണക്കടത്ത് വിവാദം കൊടുമ്പിരികൊള്ളുന്നു. കേന്ദ്ര ഏജൻസിയെ വിളിച്ചുവരുത്തി അന്വേഷണം ഏല്പിച്ചവർ യാഥാർത്ഥ്യം വെളിവായപ്പോൾ അന്വേഷണത്തെ പഴിക്കുന്നു. കൊവിഡ് പ്രതിരോധവും പാളി. രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് കേരളത്തിലുണ്ടായത്.
പത്തനംതിട്ട ജില്ലയിൽ അഞ്ച് എം.എൽ.എമാർ ഉണ്ടായിട്ടും കാര്യമായ ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ല. കോന്നി മെഡിക്കൽ കോളജ് എട്ടുമാസം കൊണ്ട് യാഥാർത്ഥ്യമാക്കിയെന്നവകാശപ്പെടുന്ന കോന്നി എം.എൽ.എയുടെ മാന്ത്രികവിദ്യ ജനങ്ങൾ തിരിച്ചറിയും. ഒരു മെഡിക്കൽ കോളേജിനെ അഞ്ചുകൊല്ലം പിന്നിലാക്കുകയാണ് എൽ.ഡി.എഫ് ചെയ്തത്. ഇപ്പോഴും അത്യാഹിത വിഭാഗം അടക്കം ഇവിടെ സജ്ജമായിട്ടില്ല. ശബരിമലയെ രാഷ്ട്രീയ വിഷയമാക്കില്ല.
ഇച്ഛാശക്തിയില്ലാത്ത എം.എൽ.എമാർ: ഷാജി
വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ ഇച്ഛാശക്തിയില്ലാത്ത എം.എൽ.എമാരാണ് നാടിന്റെ മുരടിപ്പിനു കാരണമെന്ന് ബി.ജെ.പി ദക്ഷിണ മേഖല സെക്രട്ടറി ഷാജി നായർ പറഞു. ഉദ്യോഗസ്ഥർ ചെയ്യേണ്ട പണി ചെയ്തശേഷം മേന്മ നടിക്കുകയാണ് ഇപ്പോഴത്തെ എം.എൽ.എമാർ. ടിപ്പറുകളുടെ യാത്ര സുഗമമാക്കാനാണ് ഇപ്പോഴത്തെ ശ്രമം. അലൈൻമെന്റുകൾ മാറ്റി റോഡു പണിയാനും എം.എൽ.എമാരുടെ സഹായമുണ്ട്. നാലുവരിപ്പാതയുള്ള ഒരു റോഡു പോലും നമ്മുടെ നാട്ടിൽ ഇല്ല. അതിവേഗ റെയിൽവേ രണ്ട് മുന്നണികളുടെയും സർക്കാരുകൾ പ്രഖ്യാപിച്ചു. ഇപ്പോഴത്തെ പദ്ധതിയിൽ ജില്ലയിൽ ഒരു സ്റ്റോപ്പ് പോലുമില്ല. .
അഴിമതിയുടെ കാര്യത്തിൽ ഇരുമുന്നണികളും തുല്യരാണ്. സംശുദ്ധ ഭരണമാണ് എൻ.ഡി.എ മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്ര ഏജൻസി സംസ്ഥാനത്തു നടത്തുന്ന അന്വേഷണം നിയമപരമായ നടപടികളിലൂടെയാണ്. ഈ വിഷയത്തിലും യു.ഡി.എഫിന് ഇരട്ടത്താപ്പാണുള്ളത്. ശബരിമലയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമെന്ന് ഷാജി കുറ്റപ്പെടുത്തി. ആചാരസംരക്ഷണം മുൻനിറുത്തി വിശദമായ ബില്ല് കേന്ദ്ര സർക്കാർ കൊണ്ടുവരുമെന്നും ഷാജി നായർ പറഞ്ഞു.