
പത്തനംതിട്ട: ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഇന്ത്യയിൽ ആദ്യമായി സമ്പർക്ക രോഗബാധ സ്ഥിരീകരിച്ച ജില്ലയാണ് പത്തനംതിട്ട. ലോകത്തെ മുഴുവൻ രാഷ്ട്രങ്ങളെയും ബാധിച്ച ഈ മഹാമാരിക്കെതിരായ പോരാട്ടത്തിനുള്ള പൊതുജനാരോഗ്യ ഇടപെടലുകൾ അതിന്റെ പൂർണ്ണ അർത്ഥത്തിൽ പ്രാവർത്തികമാക്കിയ ആദ്യ ജില്ലയാണ് നമ്മുടേത്. നാളിതുവരെ 57,620 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 107 പേർ മരണപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയുടെ കൊവിഡ് മരണ നിരക്ക് 0.18% മാത്രമാണ്. സംസ്ഥാനത്തിന്റെ മരണനിരക്കിലും കുറവാണിത്. 2 ലക്ഷം ആർ.ടി.പി.സി.ആർ പരിശോധനകൾ, 1.89 ലക്ഷം ആന്റിജൻ പരിശോധനകൾ എന്നിവ അടക്കം 4 ലക്ഷത്തിലധികം പരിശോധനകൾ നടത്തി.
റാന്നിയൽ കണ്ടെത്തി, ഒരുമയോടെ പ്രതിരോധം
ആരോഗ്യ വകുപ്പിനൊപ്പം, തദ്ദേശഭരണ സ്ഥാപനങ്ങൾ, പൊലീസ്, അഗ്നിശമന സേന, മാദ്ധ്യമങ്ങൾ, പൊതുസമൂഹം എന്നിവരുടെ ഒരുമയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടന്നത്. സംസ്ഥാനത്ത് ആദ്യമായി സമ്പർക്ക രോഗബാധ സ്ഥിരീകരിച്ച ജില്ലയായിരുന്നിട്ടും ഏറ്റവും അവസാനം മാത്രമാണ് രോഗപ്പകർച്ച കൂടുതലായത്.
ശബരിമല തീർത്ഥാടനത്തിനും തദ്ദേശ തിരഞ്ഞെടുപ്പിനും പിന്നാലെയായിരുന്നു രോഗവ്യാപനം. കൊവിഡ്നെതിരായ വാക്‌സിനുകൾ ലഭ്യമായത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകർന്നു.
മാർച്ച് 8ന് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നില്ല. ഇറ്റലിയിൽ നിന്ന് എത്തിയ റാന്നി എെത്തലയിലെ ഒരു കുടുംബത്തിനും അവരുടെ സമ്പർക്കത്തിലുള്ള ബന്ധുക്കൾക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ജില്ലയ്ക്കുള്ളിലും പുറത്തുമുള്ള വിവിധ മെഡിക്കൽ കോളേജുകളിൽ നിന്ന് എത്തിയ വിദഗ്ധരുടെ നേതൃത്വത്തിൽ കൺട്രോൾ റൂം സജ്ജീകരിച്ചായിരുന്നു ആദ്യ പ്രവർത്തനം. രോഗികളുമായി പ്രാഥമിക സമ്പർക്കത്തിലും പരോക്ഷ സമ്പർക്കത്തിലും ഏർപ്പെട്ടിരുന്ന മുഴുവൻ പേരെയും കണ്ടെത്തുന്നതിന് ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും മുന്നിട്ടിറങ്ങി. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നതിന് ജിയോ മാപ്പിംഗ്, റൂട്ട് മാപ്പ് തുടങ്ങിയ നൂതനമായ വഴികൾ ഉപയോഗിച്ചത് രാജ്യത്തിന് മാതൃകയായി.
സുമനസ്സുകൾ അവരുടെ സ്ഥാപനങ്ങൾ കൊവിഡ് കെയർ സെന്ററുകളായും രോഗികളെ പാർപ്പിക്കുന്നതിനുള്ള പ്രാഥമിക/സെക്കൻഡറി ചികിത്സാ കേന്ദ്രങ്ങളായി മാറ്റുന്നതിനും വിട്ടുനൽകിയത് രോഗപ്പകർച്ച കുറയ്ക്കുന്നതിനും ചികിത്സ എല്ലാ രോഗികൾക്കും ലഭ്യമാക്കുന്നതിനും സഹായിച്ചു. ആശുപത്രികളിലേക്കുള്ള രോഗികളുടെ ഒഴുക്ക് കുറയ്ക്കുന്നതിനും രോഗ തീവ്രത അനുസരിച്ചു ചികിത്സ ലഭ്യമാക്കുന്നതിനും കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ ആശുപത്രികളിൽ മാത്രമായിരുന്നു ചികിത്സ. ആഗസ്ത് മാസത്തോടെ ലക്ഷണമില്ലാതെ രോഗം സ്ഥിരീകരിച്ചവർക്ക് വീടുകളിൽ കഴിയുന്നതിന് അവസരമൊരുക്കിയതിലൂടെ രോഗികൾക്കും കുടുംബങ്ങൾക്കും മാനസികാഘാതം കുറയ്ക്കാനായി.
സാമൂഹ വ്യാപന ഘട്ടത്തിലേക്ക് രോഗം എത്തിയ സാഹചര്യത്തിൽ ക്ലസ്റ്റർ കണ്ടെയ്മെന്റ് സോൺ കേന്ദ്രീകൃതമായ പ്രവർത്തനം ആരംഭിച്ചത് രോഗ വ്യാപനം നിയന്ത്രിച്ചു. വാർഡ് തലത്തിൽ വരെ റാപിഡ് ടെസ്റ്റിംഗ് വാഹനങ്ങൾ ലഭ്യമായതിലൂടെ രോഗനിർണയം വേഗത്തിലായി. ഗുരുതര രോഗ സാദ്ധ്യതയുള്ളവരെ റിവേഴ്‌സ് ക്വാറന്റൈനിലൂടെ സംരക്ഷിക്കുന്നതിന് സാധിച്ചു.
പേടിയില്ലാതെ വാക്സിനെടുക്കാം
വാക്‌സിൻ ലഭ്യമാകുന്നതിലൂടെ രോഗ പ്രതിരോധം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. കൊവിഷീൽഡ്, കൊവാക്‌സിൻ എന്നീ വാക്‌സിനുകൾ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കും ലഭ്യമാക്കി. അറുപതിനായിരത്തോളം ഡോസ് വാക്‌സിനുകൾ ജില്ലയിൽ നൽകിക്കഴിഞ്ഞു. ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ളവർക്കും 45 നും 60 നും ഇടയിൽ പ്രായമുള്ള ഇതര രോഗങ്ങളുള്ളവർക്കും പ്രതിരോധ ശേഷി നൽകുന്നതിനായി വാക്‌സിൻ ആരോഗ്യ വകുപ്പ് ലഭ്യമാക്കി. അടുത്ത 100 ദിവസങ്ങൾക്കുള്ളിൽ ജില്ലയിലെ 62 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെയും 15 സ്വകാര്യ സ്ഥാപനങ്ങളിലൂടെയും പൊതുജനങ്ങൾക്ക് ലഭ്യമാക്കും. കാര്യമായ പാർശ്വഫലങ്ങൾ ഇല്ലാത്ത വാക്‌സിനുകൾ ആയതിനാൽ പേടി കൂടാതെ വാക്‌സിൻ സ്വീകരിക്കാം.
ലോകത്തിന്റെ പല ഭാഗങ്ങളിലും ജനിതക മാറ്റം സംഭവിച്ച വൈറസ് മൂലമുള്ള കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത് ആശങ്കാജനകമാണെങ്കിലും കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ അതിജീവനത്തിന് നമ്മെ പ്രാപ്തമാക്കിയിട്ടുണ്ട്. നാം അതിജീവിക്കുകതന്നെ ചെയ്യും.
ഡോ. എബി സുഷൻ,
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ.