പന്തളം: കുരമ്പാല തെക്ക് സ്ഥിതി ചെയ്യുന്ന ആതിരമല സഞ്ചാരികളുടെ ശ്രദ്ധകേന്ദ്രമായി മാറുകയാണ്. ദക്ഷിണ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരകളിൽ ഒന്നും ജില്ലയിലെ എറ്റവും ഉയരം കൂടിയ മലയുമാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മല. ഇവിടെ നിന്നാൽ കരിങ്ങാലി പുഞ്ചയും ചാലും ആലപ്പുഴ കൊല്ലം ജില്ലകളിൻ ഉൾപ്പെടുന്ന പ്രദേശവും പന്തളവും അടൂരും എല്ലാം കാണാൻ കഴിയും.
നീണ്ടുനിവർന്ന് കിടക്കുന്ന വയലേലകളും അങ്ങിങ്ങ് ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളും വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന അരുവികളും വിദൂര കാഴ്ചകളുടെ മനോഹാരിത കൂട്ടുന്നു.
ആതിരമല എന്ന പേരിന്റ ഉത്ഭവത്തെ പറ്റിയും പല അഭിപ്രായങ്ങൾ പഴമക്കാർ പറയുന്നു.അതുരൻ എന്ന ഒരു അസുരൻ ഇവിടെ വസിച്ചിരുന്നെന്നും അതുകൊണ്ട് അസുരമല എന്ന പേരു വന്നുവെന്നുമാണ് വിശ്വാസം.
പണ്ടുകാലത്ത് ശബരിമല മകരവിളക്കും പടിഞ്ഞാറ് അറബിക്കടലും വരെ ഇവിടെ നിന്നാൽ കാണാമായിരുന്നെന്ന് പഴമക്കാർ പറയുന്നു.
ഭൂപ്രകൃതിയാൽ അനുഗ്രഹീതമാണിവിടം. മലകളുടെ അധിപനായ മലയച്ഛൻ (അപ്പൂപ്പൻ) കുടികൊള്ളുന്ന ഭൂമി കാലക്രമത്തിൽ ഇന്നു കാണുന്ന ആതിരമലനട ശിവപാർവ്വതി ക്ഷേത്രമായി മാറി.
ആദിദ്രാവിഡ സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളായി മല വിളിച്ചിറക്കി പടേനി, കോട്ടകയറ്റം, ഊരാളി വിളയാട്ടം, വെള്ളംകുടി, മുറുക്കാൻ വയ്പ് എന്നീ ചടങ്ങുകൾ ഈ ക്ഷേത്രഭൂവിൽ നിലനിൽക്കുന്നു. ചിത്രങ്ങൾ പകർത്തുന്നതിനും കാഴ്ചകൾ ആസ്വദിക്കാനും നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്.
ഡോക്യുമെന്ററി ഒരുങ്ങുന്നു
ആതിരമലയുടെ ദൃശ്യചാരുത വെളിവാക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടന്നുവരികയാണ്. വിഷ്യൽ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ ആതിരമലയ്ക്ക് ഒരു ആമുഖം എന്ന ഡോക്യുമെന്ററി പ്രദീപ് കുരമ്പാല സംവിധാനം ചെയ്യുന്നു . ശ്രീജിത്ത് കുരമ്പാല, അനന്തകൃഷ്ണൻ, അക്ഷയ് മുരളി, കിരൺ,ശരത്ത്, ജയദീപ്, രജേഷ് കുമാർ, അഭിജിത്ത് എന്നിരാണ് അണിയറക്കാർ.