പന്തളം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ സഹോദരൻ അഡ്വ.കെ.പ്രതാപൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു. മുൻ കെ.പി.സി.സി സെക്രട്ടറിയും ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃത്വനിരയിൽ ഉണ്ടായിരുന്ന ആളായിരുന്നു അഡ്വ.കെ.പ്രതാപൻ. കഴിഞ്ഞ തദ്ദേശ തിരെഞ്ഞടുപ്പിന്റെ പന്തളം നഗരസഭയുടെ തിരെഞ്ഞടുപ്പ് ചുമതല വഹിച്ചിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട് .കഴിഞ്ഞ തവണയും ഇക്കുറിയും നിയമസഭ തിരെഞ്ഞടുപ്പിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടികയിൽ എത്തിരുന്നുയെങ്കിലും സീറ്റ് നിഷേധിക്കുകയായിരുന്നു. വരുന്ന നിയമസഭ തിരഞ്ഞടുപ്പിൽ അടൂർ മണ്ഡലത്തിൽ മത്സരിക്കാൻ യു.ഡി.എഫ്.തയാറായാക്കിയ പട്ടികയിൽ ഉണ്ടായിരുന്നുയെങ്കിലും കെ.പി.സി.സി.യുടെ മുമ്പിൽ പട്ടിക എത്തിയപ്പോൾ പ്രതാപന്റെ പേര് ഒഴിവാക്കി. കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പിൽ ബി.ജെ.പി.അധികാരത്തിൽ എത്തിയ പന്തളം നഗരസഭയിൽ കോൺഗ്രസിന്റെ തിരഞ്ഞടുപ്പ് ചുക്കാൻ പിടിച്ചത് പ്രതാപനായിരുന്നു. പന്തളം എൻ.എസ്.എസ്.കോളേജിൽ കെ.എസ്.യു.വിലൂടെ രാഷ്ട്രിയ പ്രവേശനം തുടങ്ങിയ പ്രതാപൻ കെ.എസ്.യു ,സേവാദൾ എന്നി സംഘടനയുടെ ജില്ലയിലെ നേതാവായിരുന്നു .യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ,ഡി.സി.സി.മെമ്പർ, കെ.പി.സി.സി. നിർവാഹക സമിതിയംഗം എന്നി നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. അടൂർ നിയോജക മണ്ഡലത്തിലെ ബി.ജെ.പി.സ്ഥാനാർത്ഥിയായി പ്രതാപൻ എത്തുമെന്നാണ് സൂചന.