mannady
കെ.എസ്. കെ.ടി.യു നേതൃത്വത്തിൽ മണ്ണിടയിൽ ടിപ്പർ ലോറികൾ തടഞ്ഞപ്പോൾ

അടൂർ: കുരുതിക്കളമാകുന്ന കടമ്പനാട് ഏഴംകുളം മിനി ഹൈവേയിൽ കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ച് ഡ്രൈവർമാർക്ക് താക്കീത് നൽകി. ഏനാത്ത് മണ്ണടി റോഡിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കൊല്ലം ജില്ലയിലെ പട്ടാഴി, കൂടൽ,കലഞ്ഞൂർ മേഖലകളിലെ ക്വാറികളിൽ നിന്നും അനധികൃത മണ്ണെടുപ്പ് കേന്ദ്രങ്ങളിൽ നിന്നും പൊലീസിനെ വെട്ടിച്ച് അമിതഭാരം കയറ്റി വളവും തിരുവുമുള്ള റോഡുകളിലൂടെ ചീറിപ്പായുന്ന ടിപ്പറുകളും ടോറസുകളും മൂലം ചുരുങ്ങിയ കാലയളവിൽ നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. പ്രഭാതസവാരിക്കാർക്കും പാൽ, പത്രവിതരണക്കാർക്കും ടിപ്പറുകളുടെ മത്സരയോട്ടം ഭീഷണിയായിരിക്കുകയാണ്. വരും ദിവസങ്ങളിൽ അമിതഭാരം കയറ്റി വരുന്ന ടിപ്പർ ലോറികൾക്കെതിരെ ഉദ്യോഗസ്ഥതലത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കെ.എസ്.കെ.ടി.യു മേഖലാ സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത് പറഞ്ഞു. കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി എസ്.ഷിബു, മേഖലാപ്രസിഡന്റ് എം. ഉദയകുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സാജൻ, നേതാക്കളായ സുനീഷ്, രൂപേഷ് എന്നിവർ നേതൃത്വം നൽകി.