jacob
ജേക്കബ് മത്തായി സ്റ്റാമ്പ് ശേഖരണവുമായി

പത്തനംതിട്ട : സണ്ണീസ് കളക്ഷൻ എന്നപേരിൽ സ്റ്റാമ്പുകളുടെ പ്രദർശനം നടത്തി ശ്രദ്ധേയനാവുകയാണ് ഇരവിപേരൂർ കണ്ണോലിൽ വീട്ടിൽ ജേക്കബ് മത്തായി (സണ്ണി). കളക്ഷനിൽ ഏറെയും ഗാന്ധി സ്റ്റാമ്പുകളാണെന്നതാണ് മറ്റൊരു ആകർഷണം.1970ൽ തുടങ്ങിയ സ്റ്റാമ്പ് ശേഖരണം വർഷങ്ങൾ പിന്നിടുമ്പോൾ നാലായിരത്തിലേറെ ഗാന്ധി സ്റ്റാമ്പുകളിൽ എത്തിയിരിക്കുന്നു. 1985ൽ വിദേശത്തുള്ള ഒരു സുഹൃത്ത് സതേൺ യെമനിലെ ഒരു ഗാന്ധി സ്റ്റാമ്പ് നൽകിയതോടെയാണ് വിദേശ രാജ്യങ്ങൾ ഗാന്ധി സ്റ്റാമ്പുകൾ ഇറക്കുന്നതറിയുന്നത്. പിന്നീടത് കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങി. 155 രാജ്യങ്ങളിൽ നിന്നായി 4300 ഗാന്ധി സ്റ്റാമ്പുകൾ ഇപ്പോൾ ജേക്കബിന്റെ ശേഖരത്തിലുണ്ട്. ഇതിലൂടെ ഏഷ്യാ ബുക്ക് ഒഫ് റെക്കാഡിൽ ഇടംതേടാനായി. കൂടാതെ 174 രാജ്യങ്ങളിൽ നിന്നുള്ള 1700 സ്റ്റാമ്പുകളുമുണ്ട്. ത്രീഡി, ഫുട്ബോൾ സ്റ്റാമ്പുകൾ വേറെയും. ഇന്ത്യ 1948 മുതൽ 2020 വരെ ഇറക്കിയ 97 ഗാന്ധി സ്റ്റാമ്പുകളും 300 കവറുകളും ശേഖരത്തിലുണ്ട്.

സ്വർണം, ഖാദി, തടി, പ്ലാസ്റ്റിക്, ക്രിസ്റ്റൽ എന്നിവയിലുള്ള ഗാന്ധി സ്റ്റാമ്പുകളുമുണ്ട്. ഇതിൽ സ്വർണത്തിലുള്ള സ്റ്റാമ്പിന് പതിനായിരം രൂപയായിരുന്നു. ഏറെക്കാലം അബുദബിയിൽ എൻജിനീയറായിരുന്ന ജേക്കബ് മത്തായി അമേരിക്ക അടക്കം 32 രാജ്യങ്ങളിൽ എക്സിബിഷൻ നടത്തി. സ്റ്റാമ്പുകൾ കൂടാതെ നാണയങ്ങളുടേയും കറൻസി നോട്ടുകളുടേയും ശേഖരവും ജേക്കബിനുണ്ട്. 391 കറൻസികൾ കൈവശമുണ്ട്.

വിദേശത്തായ മക്കൾ സിമ്മിയും സ്നോബിയും സ്റ്റാമ്പ് ശേഖരിക്കുന്നുണ്ട്. ഇളയമകൾ സിന്റ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്. ആലീസ് ജേക്കബാണ് ഭാര്യ.

പ്രധാന ഗാന്ധി സ്റ്രാമ്പുകൾ

സ്കോട്ട്ലൻഡിലെ ദവാർ ഐലന്റ് ഇറക്കിയ

സ്വർണ പേപ്പറിൽ തീർത്ത സ്റ്റാമ്പ്.

മലേഷ്യയിൽ നിന്നുള്ള വെള്ള സ്വരോവ്‌സ്‌കി ക്രിസ്റ്റൽ

പതിച്ച സ്റ്റാമ്പ്. ലോകത്തിലെ ആദ്യ ക്രിസ്റ്റൽ സ്റ്റാമ്പാണിത്.

മാലി ദ്വീപ് പുറത്തിറക്കിയ സിൽക്കിൽ നിർമ്മിച്ച ഗാന്ധി സ്റ്റാമ്പ് . സിൽക്കിൽ ലോകത്തിലാദ്യ സ്റ്റാമ്പും ഇതാണ്.

ഗിനിയ റിപ്പബ്ലിക് തടിയിൽ നിർമ്മിച്ച ചുവന്ന സ്വരോവ്സ്കി

ക്രിസ്റ്റൽ പതിപ്പിച്ച ഗാന്ധി മിനിയേച്ചർ ഷീറ്റ്.

പോർട്ടുഗൽ മസ്ലിൻ ഖാദി ഫാബ്രിക്കിൽ നിർമ്മിച്ച ഗാന്ധി സ്റ്റാമ്പ്.

ഖാദി ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്.

പ്ലാസ്റ്റിക്കിൽ ഭൂട്ടാൻ നിർമ്മിച്ച ഗാന്ധി സ്റ്റാമ്പ്.

"സണ്ണീസ് കളക്ഷൻ എന്ന പേരിൽ സ്റ്റാമ്പുകളുടേയും കറൻസികളുടേയുമെല്ലാം ഒരു മ്യൂസിയം നിർമ്മിക്കണമെന്ന് ആഗ്രഹമുണ്ട്. നിലവിൽ ബാങ്ക് ലോക്കറിലാണ് സ്റ്റാമ്പുകൾ. "

ജേക്കബ് മത്തായി (സണ്ണി)