
അടൂർ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിനും ആരവത്തിനുമിടെ അടൂരിൽ കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. കോൺഗ്രസ് നേതാവായിരുന്ന മുൻമന്ത്രി പന്തളം സുധാകരന്റെ സഹോദരനും മുൻനിര പ്രവർത്തകനുമായിരുന്ന അഡ്വ. പന്തളം പ്രതാപൻ കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നത് കോൺഗ്രസിന് കനത്ത പ്രഹരമായി.
ഇതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ്, ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ്, താലൂക്ക് മോട്ടോർ വർക്കേഴ്സ് കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചുവരുന്ന മേലൂട് അഭിലാഷും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇന്നലെ രാജിവച്ചത്. കോൺഗ്രസ് അടൂർ ബ്ളോക്ക് കമ്മിറ്റിയുടെ അവഗണനയിലും അവഹേളനത്തിലും പ്രതിഷേധിച്ചാണ് രാജി. രണ്ട് മാസം മുൻപാണ് കോൺഗ്രസ് ഏറത്ത് മണ്ഡലം പ്രസിഡന്റും ഏറത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു ഷൈലേന്ദ്രനാഥ് ഉൾപ്പടെ 119 കോൺഗ്രസ് പ്രവർത്തകർ രാജിവച്ച് സി.പി.എമ്മിൽ ചേർന്നത്.